മദ്യപിക്കാന്‍ വെള്ളം നല്‍കാത്തതിന് ആറുവയസുള്ള മകനെ കൊന്നയാള്‍ അറസ്റ്റില്‍

Update: 2025-05-12 02:38 GMT

ഗുഡ്ഗാവ്: മദ്യപിക്കാന്‍ വെള്ളം നല്‍കാത്തതിന് ആറു വയസുള്ള മകനെ കൊന്നയാള്‍ അറസ്റ്റില്‍. ശക്തിനഗറില്‍ താമസിക്കുന്ന ബിഹാറിലെ മുസഫര്‍ നഗര്‍ സ്വദേശിയായ സുമന്‍ കുമാര്‍ സിങാണ് മകന്‍ സത്യത്തെ കൊന്ന കേസില്‍ അറസ്റ്റിലായത്. മേയ് ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലിസ് അറിയിച്ചു. ആറാം തീയതി പ്രതി ജോലിക്ക് പോയെങ്കിലും തിരികെ വീട്ടില്‍ വന്നു മദ്യപാനം തുടങ്ങി. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ വെള്ളം കൊണ്ടുവരാന്‍ സത്യത്തോട് ആവശ്യപ്പെട്ടു. കുട്ടി വിസമ്മതിച്ചു. ഇതോടെ മര്‍ദ്ദിച്ചു. അമ്മയോട് പരാതി പറയുമെന്ന് സത്യം പറഞ്ഞു. ഇതില്‍ പ്രകോപിതനായ പ്രതി കുട്ടിയുടെ തല ചുമരില്‍ ബലമായി ഇടിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികില്‍സയില്‍ ഇരിക്കെയാണ് കുട്ടി മരിച്ചത്. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.