മയക്ക് മരുന്ന് ഉപയോഗം: ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനും തീരുമാനിച്ച് പോലിസ്

മയക്കുമരുന്ന് പിടികൂടിയാല്‍ ഹോട്ടല്‍ ഉടമകളും പ്രതികളാവും

Update: 2021-12-13 06:12 GMT

കൊച്ചി:ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനും തീരുമാനിച്ച് പോലിസ്. മയക്കുമരുന്ന് മാഫിയകള്‍ ഡിജെ പാര്‍ട്ടികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഡിജെ പാര്‍ട്ടികളില്‍ നിയന്ത്രണമേര്‍പ്പെടുത്താല്‍ നീക്കം. ലഹരി മാഫിയ പിടിമുറുക്കുന്ന സാഹചര്യത്തില്‍ കൊച്ചിയിലെ ഡിജെ പാര്‍ട്ടികളെ നിയന്ത്രിക്കാന്‍ കൊച്ചി പോലിസ് പ്രത്യേക ദൗത്യം തുടങ്ങി. ആദ്യ പടിയായി പാര്‍ട്ടികളില്‍ മയക്ക് മരുന്ന് ഉപയോഗം തടയാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡിജെ പാര്‍ട്ടികള്‍ നടത്തുന്ന ഹോട്ടലുകള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കും. ഡിജെ പാര്‍ട്ടികളില്‍ ഹോട്ടല്‍ ഉടമകള്‍ക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും. പാര്‍ട്ടിക്കിടെ മയക്ക് മരുന്ന് ഉപയോഗം തടയാന്‍ നടപടി എടുക്കണം.ഡിജെ പാര്‍ട്ടിയില്‍ വെച്ച് മയക്കുമരുന്ന് പിടികൂടിയാല്‍ ഹോട്ടല്‍ ഉടമകളും സ്വമേധയാ പ്രതികളാവും.

 പോലിസ് ആക്ടിലെ 67 വകുപ്പ് പ്രകാരമാണ് ഹോട്ടല്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുക. സ്ഥിരം ഡിജെ പാര്‍ട്ടി നടത്തുന്ന ഹോട്ടലുകളുടെ പട്ടിക പോലിസ് ശേഖരിച്ചു. ഈ ഹോട്ടലുകള്‍ക്കാണ് ആദ്യം നോട്ടീസ് നല്‍കുക. കൊച്ചിയില്‍ അപകടത്തില്‍ മരിച്ച മോഡലുകള്‍ പങ്കെടുത്ത പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാന്‍ പോലിസ് തീരുമാനിച്ചത്. ഡിജെ പാര്‍ട്ടികളുടെ മറവില്‍ നടക്കുന്ന ലഹരി ഇടപാട് പൂര്‍ണമായും പുറത്ത് കൊണ്ടുവരുകയാണ് ലക്ഷ്യം. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങളാണ് ഇതിന് വഴിതെളിയിച്ചത്. സ്ത്രീകള്‍ ഉല്‍പ്പെടെ ലഹരിപാര്‍ടികളില്‍ പങ്കെടുക്കുന്നതിന്റെ നിരവധി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. സൈജു തങ്കച്ചന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍ നിന്നും ലഹരി ഇടപാടുകളെ കുറിച്ച് പോലിസിന് കൂടുതല്‍ വിവരങ്ങളും ലഭിച്ചു. സ്ത്രീകളെ ലഹരിപാര്‍ട്ടികളിലെത്തിച്ച് പെണ്‍ വാണിഭമടക്കം നടക്കുന്നതായി പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്.

Tags: