കുവൈത്ത് വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം

Update: 2026-03-08 04:17 GMT

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകള്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടന്നതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. കുവൈത്ത് ഏവിയേഷന്‍ ഫ്യൂവലിംഗ് കമ്പനിയുടെ രണ്ട് ഇന്ധന ടാങ്കുകളിലാണ് ഡ്രോണ്‍ ഇടിച്ചതിനെ തുടര്‍ന്ന് വലിയ തീപിടുത്തം ഉണ്ടായത്. അഗ്‌നിശമന സേനയും ബന്ധപ്പെട്ട ഏജന്‍സികളും തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും എന്നാല്‍ ആളപായമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഡ്രോണ്‍ ആക്രമണത്തില്‍ കുവൈത്ത് സോഷ്യല്‍ സെക്യൂരിറ്റി ആസ്ഥാന കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. പബ്ലിക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റിയുടെ പ്രധാന ആസ്ഥാനം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഇന്ന് പ്രധാന ഓഫീസില്‍ സന്ദര്‍ശകരെ സ്വീകരിക്കില്ലെ. മറ്റു ശാഖകളില്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും എല്ലാ ഇടപാടുകളും ഇലക്ട്രോണിക് സേവനങ്ങളിലൂടെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.