കണ്ണൂര്‍ വനിതാ ജയിലിനെ വലംവെച്ച് പറന്ന് ഡ്രോണ്‍; പോലിസ് അന്വേഷണം തുടങ്ങി

Update: 2025-03-05 00:41 GMT

കണ്ണൂര്‍: വനിതാ ജയിലിന് മുകളിലൂടെ ഡ്രോണ്‍ പറന്ന സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച രാത്രി 11.15നാണ് വനിതാ ജയിലിന് 25 മീറ്റര്‍ മുകളിലായി ഡ്രോണ്‍ പറന്നത്. പച്ചയും ചുവപ്പും നിറത്തിലുള്ള ലൈറ്റുകള്‍ പ്രകാശിപ്പിച്ച് കെട്ടിടം വലംവെച്ച് പറക്കുകയായിരുന്നു. രണ്ടുതവണ ജയില്‍ കെട്ടിടത്തിന് വലം വച്ചാണ് ഡ്രോണ്‍ മടങ്ങിയത്. തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് റംലാ ബീവിയാണ് ടൗണ്‍ പോലിസില്‍ പരാതി നല്‍കിയത്. ജയില്‍ പരിസരത്ത് വിവാഹമോ മറ്റ് ചടങ്ങുകളോ നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു. കണ്ണൂര്‍ ടൗണ്‍ എസ്‌ഐ പി പി ഷമീലിനാണ് അന്വേഷണച്ചുമതല.