ഏഥന്‍സ്: ഗസയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തകര്‍ക്കാന്‍ പുറപ്പെട്ട ഫ്രീഡം ഫ്ളോട്ടില്ല കപ്പലിന് സമീപം ഡ്രോണ്‍ എത്തിയതായി റിപോര്‍ട്ട്. ജൂണ്‍ ഒന്നിന് ഇറ്റലിയില്‍ നിന്ന് പുറപ്പെട്ട മാതലീന്‍ കപ്പലിന് സമീപമാണ് അഞ്ജാത ഡ്രോണ്‍ എത്തിയത്. ഗ്രീസില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്താണ് സംഭവം. അല്‍പ്പസമയത്തിന് ശേഷം ഈ ഡ്രോണ്‍ അപ്രത്യക്ഷമായി. മറ്റൊരു പ്രദേശത്ത് വച്ച് ഒരു ഹെലികോപ്റ്റര്‍ കപ്പലിന്റെ സമീപത്ത് എത്തിയതായും വളണ്ടിയര്‍മാര്‍ അറിയിച്ചു.
പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ്, യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം റിമ ഹസന്‍, ഐറിഷ് നടന്‍ ലിയാം കണ്ണിങ്ഹാം, യാസമിന്‍ അകാര്‍ (ജര്‍മനി), ബാപ്റ്റിസ് ആന്‍ഡ്രെ (ഫ്രാന്‍സ്), തിയാഗോ ആവില(ബ്രസീല്‍), ഉമര്‍ ഫയാദ് (ഫ്രാന്‍സ്), പാസ്‌കല്‍ മൗരിയെറാസ്(ഫ്രാന്‍സ്), യാനിസ് ഹംദി (ഫ്രാന്‍സ്), സുവായിബ് ഒര്‍ദു(തുര്‍ക്കി), സെര്‍ജിയോ തോറിബിയോ(സ്‌പെയ്ന്‍), മാര്‍കോ വാന്‍ റെന്നെസ്(നെതര്‍ലാന്‍ഡ്‌സ്), റെവ വിയാര്‍ഡ് (ഫ്രാന്‍സ്) എന്നിവരാണ് കപ്പലിലുള്ളത്. ഈ കപ്പലിനെ തടയുമെന്ന് ഇസ്രായേലി സൈന്യം പ്രഖ്യാപിച്ചിട്ടുണ്ട്.
മാനുഷിക സംഘടനകളുടെ കൂട്ടായ്മയായ എഫ്എഫ്‌സി ഗസയില്‍ എത്തിച്ചേരാന്‍ നടത്തുന്ന രണ്ടാമത്തെ ശ്രമമാണിത്. മെയ് മാസത്തിന്റെ തുടക്കത്തില്‍ നടത്താനിരുന്ന ഒരു ദൗത്യം, മാള്‍ട്ട തീരത്ത് വച്ച് ഡ്രോണ്‍ ആക്രമത്തെത്തുടര്‍ന്ന് നിര്‍ത്തിവക്കുകയായിരുന്നു. ആക്രമണത്തിന് ഇസ്രായേലാണ് ഉത്തരവാദിയെന്ന് എഫ്എഫ്‌സി ആരോപിച്ചിരുന്നു. ഗസയിലെ ഇസ്രായേല്‍ ഉപരോധത്തെ എതിര്‍ക്കുന്ന ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് ഫ്രീഡം ഫ്‌ലോട്ടില്ല.