ഗസയില്‍ പരിക്കേറ്റത് 81,700 ഇസ്രായേലി സൈനികര്‍ക്ക്; 56 ശതമാനവും മാനസിക വെല്ലുവിളികളും നേരിടുന്നു
തെല്‍അവീവ്: ഗസയില്‍ അധിനിവേശം തുടങ്ങിയ ശേഷം 81,700 സൈനികര്‍ക്ക് പരിക്കേറ്റെന്ന് ഇസ്രായേലി യുദ്ധമന്ത്രാലയത്തിന് കീഴിലുള്ള പുനരധിവാസ ഡിവിഷന്‍. പരിക്കേറ്റവരില്‍ 56 ശതമാനം പേര്‍ മാനസിക പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. നിലവില്‍ ഗസയില്‍ നിന്ന് ഓരോ മാസവും ആയിരം പേരാണ് ചികില്‍സക്കായി എത്തുന്നത്. മുന്‍ പ്രശ്‌നങ്ങള്‍ പറഞ്ഞ് 600 പേരും എത്തുന്നു. പരിക്കേറ്റവരില്‍ പകുതി പേര്‍ക്കും 30 വയസില്‍ താഴെയാണ് പ്രായം. അതില്‍ 92 ശതമാനവും പുരുഷന്‍മാരും 64 ശതമാനം റിസര്‍വുകളുമാണ്. പരിക്കേറ്റവരില്‍ 70 പേര്‍ ജീവിതകാലം മുഴുവന്‍ ബോധമില്ലാതെ കട്ടിലില്‍ കിടക്കേണ്ടി വരും. 168 പേര്‍ക്ക് തലയ്ക്ക് അതിസങ്കീര്‍ണമായ പരിക്കേറ്റിട്ടുണ്ട്. 16 പേര്‍ ശരീരം തളര്‍ന്നവരാണ്. 99 പേരുടെ കൈകാലുകള്‍ നഷ്ടപ്പെട്ടു. പരിക്കേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ഇത്തവണ പുനരധിവാസ വകുപ്പിന്റെ ബജറ്റ് 22,000 കോടി രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. അതില്‍ പത്തുകോടി മാനസിക പ്രശ്‌നങ്ങള്‍ ചികില്‍സിക്കുന്നതിനാണ്. പരിക്കേറ്റവര്‍ക്ക് താമസിക്കാന്‍ പ്രത്യേക വീടുകള്‍ നിര്‍മിക്കാനും തുക വകയിരുത്തിയിട്ടുണ്ട്.