കരട് വോട്ടര്‍ പട്ടിക: പരാതികളും ആക്ഷേപങ്ങളും ഡിസംബര്‍ 23 മുതല്‍ ജനുവരി 22 വരെ സമര്‍പ്പിക്കാം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

Update: 2025-12-17 16:03 GMT

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് അപേക്ഷകള്‍ ഒരുമിച്ച് സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു കേല്‍ക്കര്‍. എന്നാല്‍, കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഒരു ബിഎല്‍എ ഒരു ദിവസം 50ല്‍ കൂടുതല്‍ അപേക്ഷകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കാന്‍ പാടുള്ളതല്ല. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഇത് പ്രതിദിനം 10 അപേക്ഷകള്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലത്തില്ലാത്തവര്‍, താമസം മാറിയവര്‍, മരണപ്പെട്ടവര്‍ എന്നിവരുടെ പട്ടിക പരിശോധനയ്ക്കായി ഇതിനോടകം ബിഎല്‍എമാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ കാര്യങ്ങള്‍ യോഗങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടുമുണ്ട്. ഈ പട്ടികകളിലെ തിരുത്തലുകള്‍ ഡിസംബര്‍ 18നകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം, അതില്‍ ഉള്‍പ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ടര്‍ ഓഫീസര്‍മാരുടെ നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലും പട്ടിക ലഭ്യമായിരിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പട്ടിക കൈമാറും. ബി എല്‍ഒമാരുടെ കൈയ്യിലും പട്ടിക ലഭ്യമായിരിക്കും. ഇത് പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനും പേര് ഉള്‍പ്പെടാത്തതിന്റെ കാരണങ്ങള്‍ മനസ്സിലാക്കാനും കഴിയും.

തുടര്‍ന്ന്, പരാതികളും ആക്ഷേപങ്ങളും 2025 ഡിസംബര്‍ 23 മുതല്‍ 2026 ജനുവരി 22 വരെ സമര്‍പ്പിക്കാവുന്നതാണ്. നിശ്ചിത സമയത്തിനുള്ളില്‍ എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക്, ഈ കാലയളവില്‍ ഫോം 6-നൊപ്പം നിശ്ചിത സത്യവാങ്മൂലവും സമര്‍പ്പിച്ച് പേര് ചേര്‍ക്കാവുന്നതാണ്.

ഫോം 6: പേര് പുതുതായി ചേര്‍ക്കുന്നതിന്

ഫോം 6അ: പ്രവാസി വോട്ടര്‍മാരുടെ പേര് ചേര്‍ക്കുന്നതിന്

ഫോം 7: മരണം, താമസം മാറല്‍, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ പേര് ഒഴിവാക്കുന്നതിന്

ഫോം 8: വിലാസം മാറുന്നതിനും മറ്റ് തിരുത്തലുകള്‍ക്കും

ഈ ഫോമുകള്‍ https://voters.eci.gov.in/ എന്ന ലിങ്കില്‍ ലഭ്യമാണ്.

ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലാത്തവരെ ഇആര്‍ഒമാര്‍ ഹിയറിംഗിന് വിളിക്കുന്നതായിരിക്കും. കരട് പട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിംഗിന് ശേഷം ഒഴിവാക്കുകയാണെങ്കില്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ (ERO) ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് (DEO) ഒന്നാം അപ്പീല്‍ നല്‍കാം (1950ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 24(അ), രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടേഴ്‌സ് റൂള്‍സ് 27 പ്രകാരം).

ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനകം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് രണ്ടാം അപ്പീല്‍ സമര്‍പ്പിക്കാം (ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 24(യ) പ്രകാരം). വോട്ടര്‍പട്ടികയുടെ കൃത്യത ഉറപ്പാക്കാന്‍ പൗരന്മാര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡോ. രത്തന്‍ യു കേല്‍ക്കര്‍ അഭ്യര്‍ത്ഥിച്ചു.

എന്യൂമറേഷന്‍ ഫോമുകളിലെ തീരുമാനങ്ങളും പരാതികള്‍ തീര്‍പ്പാക്കലും 2025 ഡിസംബര്‍ 23 മുതല്‍ 2026 ഫെബ്രുവരി 14 വരെയുള്ള കാലയളവില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ പൂര്‍ത്തിയാക്കും. അന്തിമ വോട്ടര്‍പട്ടിക 2026 ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും. അതിനുശേഷവും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി വരെ പേര് ചേര്‍ക്കാനും മാറ്റങ്ങള്‍ വരുത്താനുമുള്ള അവസരം തുടര്‍ച്ചയായ പുതുക്കല്‍ പ്രക്രിയയുടെ ഭാഗമായി ഉണ്ടായിരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.