''ദൈവ നിന്ദാ വിരുദ്ധ ബില്ല്'' നാളെ പഞ്ചാബ് നിയമസഭ ചര്‍ച്ച ചെയ്യും

Update: 2025-07-10 13:18 GMT

അമൃത്‌സര്‍: മതങ്ങളെയും ദൈവങ്ങളെയും ആരാധനാ സംവിധാനങ്ങളെയും നിന്ദിക്കുന്നത് കടുത്ത ശിക്ഷയാക്കുന്ന ബില്ല് നാളെ പഞ്ചാബ് നിയമസഭ ചര്‍ച്ച ചെയ്യും. ഭാരതീയ ന്യായ സംഹിതയിലെ വ്യവസ്ഥകള്‍ വേണ്ടത്ര കര്‍ശനമല്ലാത്തതിനാലാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍ പറഞ്ഞു. ഈ കുറ്റത്തിന് വധശിക്ഷ നല്‍കണെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുണ്ടെങ്കിലും അത് കടുത്ത നടപടിയാണെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും മാന്‍ പറഞ്ഞു. സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതു പോലെ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുമോയെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ദൈവനിന്ദ പഞ്ചാബില്‍ ഗൗരവമേറിയ വിഷയമാണ്. 2015 ഒക്ടോബറില്‍ സിഖുകാരുടെ മതഗ്രന്ഥമായ ശ്രീ ഗുരുഗ്രന്ഥ് സാഹിബിന്റെ പേജുകള്‍ കീറിയത് വന്‍ സംഘര്‍ഷത്തിന് കാരണമായിരുന്നു. ഫരീദ്‌കോട്ട് ജില്ലയിലെ ബര്‍ഗാരിയിലാണ് സംഭവമുണ്ടായത്. ദൈവനിന്ദയില്‍ പ്രതിഷേധിച്ച രണ്ടു സിഖുകാരെ പോലിസ് വെടിവച്ചു കൊന്നു. ഇതോടെ നിരവധി പ്രദേശങ്ങളില്‍ പോലിസിന് നേരെ വെടിവയ്പ്പുണ്ടായി. സിഖ് മതഗ്രന്ഥത്തെ മോശമാക്കി ചിത്രീകരിച്ച നിരവധി പേര്‍ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. സിഖ് മതത്തിലെ പത്ത് ഗുരുക്കന്‍മാരുടെ വാക്കുകള്‍ അടങ്ങിയ ശ്രീ ഗുരു ഗ്രന്ഥ് സാഹിബിനെ ഗുരുവായാണ് സിഖുകാര്‍ കാണുന്നത്. കൗര്‍ എന്ന പേര് ഉപയോഗിച്ച് അശ്ലീല വീഡിയോ പ്രസിദ്ധീകരിച്ചിരുന്ന യുവതി കൊല്ലപ്പെട്ടത് അടുത്തിടെയാണ്. കൗര്‍ എന്നാല്‍ രാജകുമാരി-ആത്മീയ രാജകുമാരി എന്നാണ് പഞ്ചാബിയിലെ അര്‍ത്ഥം.