ഡോ. ഹാരിസിന്റെ വെളിപ്പെടുത്തല്‍ സത്യം; പുതിയ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി ആരോഗ്യവകുപ്പ്

Update: 2025-09-15 13:31 GMT

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ഉപകരണക്ഷാമം സംബന്ധിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍ നടത്തിയ വെളിപ്പെടുത്തല്‍ ശരിവച്ച് ആരോഗ്യവകുപ്പ്. മൂത്രാശയക്കല്ല് പൊടിച്ചുകളയുന്ന പുതിയ ഉപകരണം വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. രണ്ട് കോടി രൂപയാണ് ഉപകരണത്തിന്റെ വില. നിലവില്‍ ഉപയോഗിക്കുന്ന ഇഎസ്ഡബ്ല്യുഎല്‍ എന്ന ഉപകരണം 13 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. ഈ ഉപകരണത്തിന്റെ കാലാവധി 2023ല്‍ അവസാനിച്ചിരുന്നതായി ഡോ.ഹാരിസ് ചിറയ്ക്കല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിന് പുതിയ എംആര്‍ഐ മെഷീന്‍ വാങ്ങാനും അനുമതി നല്‍കിയിട്ടുണ്ട്. 8.15 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. നിലവിലെ മെഷീന് 15 വര്‍ഷം പഴക്കമുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഉപകരണക്ഷാമം സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ. ഹാരിസ് ചിറയ്ക്കല്‍ വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിനാല്‍ ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്‌ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഹാരിസിനെതിരെ പ്രതികാര നടപടികളുണ്ടായി. എന്നാലും അവസാനം അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിക്കേണ്ടി വന്നു.