ഇസ്രായേലി വ്യോമാക്രമണത്തില്‍ ഒമ്പത് മക്കള്‍ കൊല്ലപ്പെട്ട ഡോ. ഹംദിയും മരിച്ചു; മേയ് 23 മുതല്‍ ചികില്‍സയിലായിരുന്നു
ഗസ സിറ്റി: ഇസ്രായേലി വ്യോമാക്രമണത്തില്‍ ഒമ്പത് മക്കള്‍ കൊല്ലപ്പെട്ട ഡോ. ഹംദി അല്‍ നജ്ജാറും മരിച്ചു. മക്കളെല്ലാം കൊല്ലപ്പെട്ട വ്യോമാക്രമണത്തില്‍ ഡോ. ഹംദിക്കും പരിക്കേറ്റെങ്കിലും ചികില്‍സയിലായിരുന്നു. മേയ് 23ന് തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസിലെ ഇവരുടെ വീട്ടിലാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണ സമയത്ത് ഡോ.ഹംദിയുടെ ഭാര്യയും ഡോക്ടറുമായ ഡോ. അലാ അല്‍ നജ്ജാര്‍ നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ ഡ്യൂട്ടിക്ക് പോയിരുന്നു.
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഏഴു കുട്ടികളുടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തി. ഇസ്രായേലി വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് അവര്‍ മരിച്ചത്. ഡോ. അലാ അല്‍ നജ്ജാറിന്റെ മക്കളാണ് ഇതെന്ന് ഗസ സിവില്‍ ഡിഫന്‍സ് ആശുപത്രി അധികൃതരെ അറിയിച്ചു. മരിച്ചവരില്‍ മൂത്തയാള്‍ക്ക് 12 വയസ്സായിരുന്നു, ഇളയയാള്‍ക്ക് മൂന്ന് വയസും. ഏഴ് മാസം പ്രായമുള്ള ഒരു കുട്ടിയുടെയും രണ്ട് വയസ്സുള്ള ഒരു കുട്ടിയുടെയും മൃതദേഹങ്ങള്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. യഹ്‌യ, രഖാന്‍, റസ്‌ലാന്‍, ജെബ്രാന്‍, ഈവ്, റിവാല്‍, സയ്ദന്‍, ലുഖ്മാന്‍, സിദ്ര എന്നിവരാണ് മരിച്ചത്. പതിനൊന്ന് വയസുള്ള ആദം എന്ന മകനും ഡോ. ഹംദിയും മാത്രമാണ് ജീവനോടെ ബാക്കിയായത്. അതില്‍ ഹംദി ഇന്നലെ മരിച്ചു. ഹംദിയുടെ ചികില്‍സക്ക് നേതൃത്വം നല്‍കിയിരുന്നത് ഡോ.അലാ ആയിരുന്നു.
ഡോ. അല, ഹംദിയെ ആശുപത്രിയില്‍ പരിചരിക്കുന്നു
ഗസയിലെ മെഡിക്കല്‍ സ്റ്റാഫ് അനുഭവിക്കുന്ന യാഥാര്‍ത്ഥ്യമാണിതെന്ന് ഗസ ആരോഗ്യമന്ത്രാലയം ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍ ബാര്‍ഷ് പറഞ്ഞു. ''വേദന വിവരിക്കാന്‍ വാക്കുകള്‍ പോരാ. ഗസയില്‍, ആരോഗ്യ പ്രവര്‍ത്തകരെ മാത്രമല്ല ലക്ഷ്യമിടുന്നത്, ഇസ്രായേലിന്റെ ആക്രമണം കൂടുതല്‍ മുന്നോട്ട് പോകുന്നു, മുഴുവന്‍ കുടുംബങ്ങളെയും തുടച്ചുനീക്കുന്നു.''ബാര്‍ഷ് പറഞ്ഞു.
