കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ 'ഡോക്ടര്‍ ഡെത്ത്' അറസ്റ്റില്‍; മൃതദേഹങ്ങള്‍ മുതലകള്‍ക്കിട്ട് നല്‍കുന്നതായിരുന്നു രീതി

Update: 2025-05-21 02:12 GMT

ജയ്പൂര്‍: കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ഡോ.ദേവേന്ദ്ര ശര്‍മ അറസ്റ്റില്‍. രാജസ്ഥാനിലെ ദോസ ജില്ലയിലെ ഒരു ആശ്രമത്തില്‍ പുരോഹിതനായി ഒളിവില്‍ കഴിയവെയാണ് ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ 2023ല്‍ പരോളില്‍ ഇറങ്ങി മുങ്ങുകയായിരുന്നു.

2002-2004 കാലത്ത് നിരവധി ടാക്‌സി, ട്രക്ക് ഡ്രൈവര്‍മാരെയാണ് ഇയാള്‍ കൊന്നിട്ടുള്ളതെന്ന് പോലിസ് പറഞ്ഞു. ട്രിപ്പ് വിളിച്ചാണ് ടാക്‌സി ഡ്രൈവര്‍മാരെ കൊന്നിരുന്നത്. ലിഫ്റ്റ് ചോദിച്ചാണ് ട്രക്ക് ഡ്രൈവര്‍മാരെ കൊന്നിരുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ ഹസാര കനാലില്‍ ഇടുമായിരുന്നു. കനാലിലെ മുതലകള്‍ ഇവ ഭക്ഷണമാക്കും. ശേഷം തട്ടിയെടുത്ത വാഹനങ്ങള്‍ വില്‍ക്കും. കൊലപാതകം, കിഡ്‌നാപ്പിങ്, കൊള്ള അടക്കം 27 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഡല്‍ഹി, രാജസ്താന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഏഴു കേസുകളില്‍ ഇയാളെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു. ഗുഡ്ഗാവ് കോടതി ഒരു കേസില്‍ വധശിക്ഷയ്ക്കും വിധിച്ചു. ഏറ്റവും ചുരുങ്ങിയത് 50 കൊലപാതകങ്ങള്‍ ഇയാള്‍ നടത്തിയെന്നാണ് പോലിസിന്റെ അനുമാനം.

നിയമവിരുദ്ധമായി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന റാക്കറ്റിന്റെ തലവനുമായിരുന്നു ഇയാള്‍. 1998-2004 കാലത്ത് 125 ശസ്ത്രക്രിയകളാണ് ഇയാളുടെ സംഘം നടത്തിയത്.