ഹൃദയശസ്ത്രക്രിയ വിദഗ്ദന്‍ പത്മശ്രീ ഡോ. കെ എം ചെറിയാന്‍ അന്തരിച്ചു

Update: 2025-01-26 03:38 GMT

ബംഗളൂരു: ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ദന്‍ പത്മശ്രീ ഡോ. കെ എം ചെറിയാന്‍(83) അന്തരിച്ചു. ഇന്നലെ രാത്രി ബംഗളൂരുവിലാണ് അന്ത്യം. 1975ല്‍ രാജ്യത്തെ ആദ്യ കൊറോണറി ആര്‍ട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത് ഇദ്ദേഹമാണ്. രാജ്യത്തെ ആദ്യ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും ഹൃദയ-ശ്വാസകോശ മാറ്റിവെക്കല്‍ ശസ്ത്രക്രിയയും ഇദ്ദേഹമാണ് നടത്തിയത്. കുട്ടികളിലെ ലേസര്‍ ഹൃദയ ശസ്ത്രക്രിയ വികസിപ്പിച്ചതും ഡോ. ചെറിയാനാണ്.


വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ സര്‍ജറി വിഭാഗം ലെക്ചറര്‍ ആയാണ് ഡോ. ചെറിയാന്‍ സേവനം തുടങ്ങുന്നത്. 1973ല്‍ ആസ്‌ത്രേലിയയില്‍ നിന്നും കാര്‍ഡിയോ തൊറാസിക് ശസ്ത്രക്രിയയില്‍ എഫ്ആര്‍എസിഎസ് നേടി. യുഎസിലും ബ്രിട്ടനിലും വിവിധ ആശുപത്രികളില്‍ സേവനം അനുഷ്ടിച്ചു. പിന്നീട് ലോകത്തെ പ്രശസ്തമായ പല സര്‍വകലാശാലകളിലെയും ഹോണററി പ്രഫസറായി.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റസിന്റെ ജന്മസ്ഥലമായ ഗ്രീസിലെ കോസ് ദ്വീപിലെ പ്രശസ്തമായ പാറക്കല്ലില്‍ ഡോ. ചെറിയാന്റെ പേരും കൊത്തിവച്ചിട്ടുണ്ട്. ഹൃദയശസ്ത്രക്രിയയിലെ വൈദഗ്ദ്യത്തിനുള്ള അംഗീകാരമാണ് ഇത്. 1991ല്‍ ഇന്ത്യ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. 1990 മുതല്‍ 1993 വരെ രാഷ്ട്രപതിയുടെ ഹോണററി സര്‍ജനായിരുന്നു. ഭാര്യ: സെലിയന്‍ ചെറിയാന്‍. മക്കള്‍: സഞ്ജയ് ചെറിയാന്‍, സന്ധ്യ ചെറിയാന്‍.