പ്യോങ്‌യാങ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗസ പദ്ധതികളെ അതിശക്തമായി അപലപിച്ച് ഉത്തര കൊറിയ. 'ക്രൂരനായ കൊള്ളക്കാരന്‍' എന്നാണ് ഉത്തര കൊറിയന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊറിയല്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി ട്രംപിനെ വിശേഷിപ്പിച്ചത്. സുരക്ഷിതത്വത്തിനും സമാധാനത്തിനും വേണ്ടിയുള്ള ഫലസ്തീനികളുടെ നേരിയ പ്രതീക്ഷകളെ പോലും ഞെരിച്ചമര്‍ത്തുന്നതാണ് ട്രംപിന്റെ പദ്ധതികളെന്നും ന്യൂസ് ഏജന്‍സി വിമര്‍ശിച്ചു.
'അമേരിക്കയുടെ പ്രഖ്യാപനം കേട്ട് ലോകമിന്ന് വറചട്ടിയിലെന്ന പോലെ തിളച്ചു കൊണ്ടിരിക്കുകയാണ്.' കൊറിയന്‍ ന്യൂസ് ഏജന്‍സി പറഞ്ഞു.അമേരിക്ക അതിജീവിക്കുന്നത് 'കശാപ്പിലൂടെയും കൊള്ളയിലൂടെയു'മാണ്. ലോക മേധാവിത്വത്തിനു വേണ്ടിയുള്ള അമേരിക്കയുടെ 'ആധിപത്യ-അധിനിവേശ' അതിമോഹങ്ങളുടെ വ്യക്തമായ ദൃഷ്ടാന്തമാണ് അമേരിക്കയുടെ ഗസ പദ്ധതികളെന്ന് ട്രംപിന്റെ പേര് പറയാതെ തന്നെ ന്യൂസ് ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
പാനമ കനാലും ഗ്രീന്‍ലാന്‍ഡും ഏറ്റെടുക്കുന്നത് സംബന്ധിച്ചും മെക്‌സിക്കന്‍ ഗള്‍ഫിന്റെ പേര് അമേരിക്കന്‍ ഗള്‍ഫ് എന്നു മാറ്റുന്നതിനെ കുറിച്ചുമുള്ള ട്രംപ് ഭരണകൂടത്തിന്റെ ആഹ്വാനങ്ങളെയും ന്യൂസ് ഏജന്‍സി അതിനിശിതമായി വിമര്‍ശിച്ചു.
'ക്രൂരനായ കൊള്ളക്കാരന്‍' എന്ന് അമേരിക്കയെ തുടര്‍ന്നും വിശേഷിപ്പിച്ച ന്യൂസ് ഏജന്‍സി, കാലത്തിനു ചേരാത്ത ദിവാസ്വപ്‌നങ്ങളില്‍നിന്ന് അമേരിക്ക മുക്തമാവണമെന്നും മറ്റു രാജ്യങ്ങളുടെ അന്തസ്സിനും പരമാധികാരത്തിനും മേല്‍ കടന്നുകയറുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്നും ന്യൂസ് ഏജന്‍സി ഊന്നിപ്പറഞ്ഞു.
