സ്ത്രീധന നിരോധനനിയമവും പുരുഷന്‍മാര്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നു: ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: വിവാഹബന്ധവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ഭര്‍ത്താവിനെയും കുടുംബത്തെയും കള്ളക്കേസുകളില്‍ കുടുക്കുന്ന പ്രവണത വര്‍ധിച്ചുവരുകയാണെന്ന് ഡല്‍ഹി ഹൈക്കോടതി. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബവും പീഡിപ്പിച്ചു എന്നാരോപിച്ച് 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയ വിധിയിലാണ് ജസ്റ്റിസ് അമിത് മഹാജന്‍ ഇങ്ങനെ പറഞ്ഞത്. ദമ്പതികള്‍ വേര്‍പിരിഞ്ഞു ജീവിക്കാന്‍ തുടങ്ങി മൂന്നുവര്‍ഷത്തിന് ശേഷമാണ് സ്ത്രീ പരാതി നല്‍കിയതെന്ന് കോടതി കണ്ടെത്തി. ഈ സമയത്ത് ഇരുവരും വിവാഹമോചന ഹരജിയും നല്‍കിയിരുന്നു. 2019ല്‍ കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. വിവാഹിതരായ സ്ത്രീകളെ സംരക്ഷിക്കണമെന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന നിയമം ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
'' സ്ത്രീധനത്തോടുള്ള അത്യാഗ്രഹം എന്ന സാമൂഹിക തിന്മയെ കോടതി ചെറുതായി കാണുന്നില്ല. പക്ഷേ, ഇത്തരം കേസുകള്‍ നിയമത്തിന്റെ ദുരുപയോഗം വ്യക്തമാക്കുന്നു. അതിനാല്‍ ഈ കേസ് തുടരുന്നത് പുരുഷനോടുള്ള ക്രൂരതയായിരിക്കും.''- കോടതി പറഞ്ഞു.