സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ പരസ്യങ്ങളില്‍ ആരുടെയും പേരുകള്‍ ഉപയോഗിക്കരുത്: മദ്‌റാസ് ഹൈക്കോടതി
ചെന്നൈ: സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ പരസ്യങ്ങളില്‍ ജീവിച്ചിരിക്കുന്ന വ്യക്തികളുടെയോ മുന്‍ മുഖ്യമന്ത്രിമാരുടെയോ പാര്‍ട്ടി ബുദ്ധിജീവികളുടേയോ പേരുകളും പാര്‍ട്ടി പതാകകളും ചിഹ്നങ്ങളും ഉപയോഗിക്കരുതെന്ന് മദ്‌റാസ് ഹൈക്കോടതി ഉത്തരവിട്ടു. എഐഡിഎംകെ എംപി സി വെങ്കടാചല ഷണ്‍മുഖം നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ കരുണാനിധിയുടെയും മറ്റും ചിത്രങ്ങള്‍ ഉപയോഗിച്ച് വിവിധ പദ്ധതികളുടെ പരസ്യങ്ങള്‍ നല്‍കുന്നതായി എംപി ആരോപിച്ചു. തുടര്‍ന്നാണ് സുപ്രിംകോടതി വിധിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഇടക്കാല വിധി ഇറക്കിയത്. പരസ്യങ്ങലില്‍ നിലവിലെ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കാമെന്ന് സുപ്രിംകോടതിയുടെ ഉത്തരവുള്ളതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.