സംഘടനകളോ വ്യക്തികളോ ചെയ്യുന്ന മോശം പ്രവര്‍ത്തികള്‍ ഇസ്‌ലാമിനുമേല്‍ കെട്ടിവെക്കരുത്: ജിഫ്രി മുത്തുകോയ തങ്ങള്‍

ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ ഇസ്‌ലാമിന്റെ ആശയമല്ലെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു

Update: 2021-11-06 10:45 GMT

കോഴിക്കോട്: മുസ്‌ലിം പേരുള്ള സംഘടനകളോ വ്യക്തകളോ ചെയ്യുന്ന മോശം പ്രവര്‍ത്തികള്‍ ഇസ്‌ലാം മതത്തിനുമേല്‍ ആരും കെട്ടിവെക്കരുതെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രിസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍. ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ ഇസ്‌ലാമിന്റെ ആശയമല്ലെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. കോഴിക്കോട് സമസ്ത സംഘടിപ്പിച്ച ജിഹാദ് വിമര്‍ശനവും യാഥാര്‍ത്ഥ്യവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേവലമായ ഭാഷാ അര്‍ഥത്തില്‍ ഖുര്‍ആനെ വിവര്‍ത്തനം ചെയ്യുന്നവരാണ് തെറ്റിദ്ധാരണ പരത്തുന്നതെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സിഎസ്‌ഐ ബിഷപ്പ് റോയ്‌സ് മനോജ് വിക്ടര്‍, ഉമര്‍ ഫൈസി മുക്കം സംസാരിച്ചു. നേരത്തെ, നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയം കേരളത്തില്‍ കത്തിനില്‍ക്കുമ്പോള്‍ ഇസ്‌ലാമില്‍ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞിരുന്നു.

 ഖുര്‍ആന്‍ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്. സമസ്ത പ്രവര്‍ത്തിക്കുന്നത് മതസൗഹാര്‍ദ്ദത്തിനു വേണ്ടിയാണ്. തീവ്രവാദം പറയുന്നവരെയാണ് ഒറ്റപ്പെടുത്തേണ്ടത്. ഇസ്‌ലാമിന് ലൗ ജിഹാദ് എന്ന പദം അപരിചിതമാണ്. ആരെങ്കിലും ചിലര്‍ ഇങ്ങനെ ചെയ്യുന്നുണ്ടാകാം. എന്നാല്‍ ഇതിന് മതപരമായ പിന്‍ബലമില്ല. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്‌ലിം സമുദായം. സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകര്‍ക്കുന്നതാവരുതെന്നും അന്ന് അദ്ദേഹം പറഞ്ഞു. പാലാബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം കേരളത്തില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബോധപൂര്‍വ്വമുള്ള ദുഷ്്പ്രചാരണമാണ് നടന്നത്.

Tags:    

Similar News