പട്ടം നൂല്‍ തട്ടി കഴുത്ത് മുറിഞ്ഞ് ബൈക്ക് യാത്രികനായ ഡോക്ടര്‍ മരിച്ചു

Update: 2026-01-14 15:42 GMT

ലഖ്‌നോ: പട്ടത്തിന്റെ നൂല്‍ തട്ടി കഴുത്ത് മുറിഞ്ഞ് ബൈക്ക് യാത്രികനായ ഡോക്ടര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ജോണ്‍പൂരിലാണ് സംഭവം. കേരാകാത് സ്വദേശിയായ ഡോ. സമീര്‍ ഹാഷ്മി(28)യാണ് മരിച്ചത്. വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് പോവുമ്പോഴാണ് നൂല്‍ കഴുത്തില്‍ തട്ടിയത്. കഴുത്ത് മുറിഞ്ഞ് റോഡില്‍ വീണ ഡോ. സമീര്‍ ഉടന്‍ മരിച്ചു.  നൂല്‍ തട്ടി കഴുത്തിലെ എല്ലുകളും മുറിഞ്ഞിരുന്നു. പ്രദേശത്ത് ഉല്‍സവം നടക്കുന്നതിനാല്‍ വീട്ടില്‍ നിന്നും പുറത്തുപോവരുതെന്ന് സമീറിനോട് പറഞ്ഞിരുന്നതായി പിതാവ് മുഖിം പറഞ്ഞു. എന്നാല്‍, ഒരു രോഗിയുണ്ടെന്ന് പറഞ്ഞ് സമീര്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഇതുവരെ ആറു പേരാണ് പട്ടം നൂല്‍ തട്ടി ഉത്തര്‍പ്രദേശില്‍ മരിച്ചിരിക്കുന്നത്. നൈലോണ്‍ കൊണ്ടോ പോളി പ്രൊപ്പലയ്ന്‍ കൊണ്ടോ നിര്‍മിക്കുന്ന നൂലുകളാണ് പ്രധാന അപകടം. മകരസംക്രാന്തി ആയതോടെ നിരവധി പേരാണ് പട്ടങ്ങള്‍ പറത്തുന്നത്.ഇത്തരം നൂലുകള്‍ കഴിഞ്ഞദിവസം മധ്യപ്രദേശ് ഹൈക്കോടതി നിരോധിച്ചിരുന്നു. രണ്ടുപേരുടെ മരണത്തെ തുടര്‍ന്നാണ് നടപടി. കര്‍ണാടകയിലെ ബിദാറില്‍ ഇന്ന് ഒരാളും നൂലുമൂലം കൊല്ലപ്പെട്ടു.