''താടിയും തൊപ്പിയുമുള്ളവര്‍ക്ക് ശുദ്ധ മറാത്തി സംസാരിക്കാനാവുമോ ?''ഭാഷാ പ്രശ്‌നത്തില്‍ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ്

മുംബൈ: മഹാരാഷ്ട്രയിലെ മറാത്തി ഭാഷാ പ്രശ്‌നത്തിലേക്ക് മുസ്‌ലിംകളെ വര്‍ഗീയമായി വലിച്ചിഴച്ച് ബിജെപി നേതാവ് നിതേഷ് റാണ. മറാത്തി സംസാരിക്കാത്ത യുവാവിനെ മഹാരാഷ്ട്ര നവനിര്‍മാണ സേന പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ കുറിച്ച് പറയുമ്പോഴായിരുന്നു ബിജെപി നേതാവിന്റെ വര്‍ഗീയ പരാമര്‍ശം.
'ഒരു ഹിന്ദു യുവാവിനെ തല്ലി....പാവപ്പെട്ട ഹിന്ദുക്കളെ എന്തിനാണ് ആക്രമിക്കുന്നത്? മുഹമ്മദ് അലി പ്രദേശത്ത് താടിയും തൊപ്പിയും വച്ചിരിക്കുന്നവര്‍ ശുദ്ധമായ മറാത്തി സംസാരിക്കുമോ? ജാവേദ് അക്തറോ ആമിര്‍ ഖാനോ മറാത്തി സംസാരിക്കുമോ? അവരെക്കൊണ്ട് മറാത്തിയില്‍ സംസാരിപ്പിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമില്ല, പകരം പാവപ്പെട്ട ഹിന്ദുക്കളെ നിങ്ങള്‍ ആക്രമിക്കുന്നു. ധൈര്യമുണ്ടെങ്കില്‍, നള്‍ ബസാറിലോ മുഹമ്മദ് അലി റോഡിലോ പോയി നിങ്ങളുടെ ശക്തി കാണിക്കാന്‍ ശ്രമിക്കുക''-നിതീഷ് റാണെ പറഞ്ഞു. മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളാണ് നള്‍ ബസാറും മുഹമ്മദ് അലി റോഡും.
ഹിന്ദുക്കളെ ഭിന്നിപ്പിക്കാനും രാജ്യത്തെ ഇസ്‌ലാമിക രാജ്യമാക്കാനുമുള്ള ശ്രമമാണ് ഇതെല്ലാമെന്നും നിതീഷ് റാണെ ആരോപിച്ചു. ''ലവ് ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിവയിലൂടെ മുംബൈയിലെ ഹിന്ദുക്കളുടെ എണ്ണം കുറയ്ക്കുകയാണ്. അക്രമമാണ് അവരുടെ പദ്ധതി. മള്‍വാനിയില്‍ മറ്റും പോയി ആരെങ്കിലും മറാത്തി സംസാരിപ്പിക്കാന്‍ ധൈര്യപ്പെടുമോ?''-നിതീഷ് റാണെ ചോദിച്ചു.