''മതത്തിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കണോ?'' ബജ്‌റങ് ദള്‍ ആക്രമണത്തിന് ഇരയായ ഹിന്ദു പെണ്‍കുട്ടി
ബറെയ്‌ലി: ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയില്‍ ഹിന്ദുത്വ ആക്രമണത്തിന് ഇരയായ ഹിന്ദു പെണ്‍കുട്ടി ബജ്‌റങ് ദളിനെ വിമര്‍ശിച്ച് രംഗത്തെത്തി. ''എന്റെ സുഹൃത്തുക്കള്‍ ആക്രമണത്തിന് ഇരയായതില്‍ ഞാന്‍ ലജ്ജിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ വേണോ സുഹൃത്തുക്കളെ ഞങ്ങള്‍ തിരഞ്ഞെടുക്കാന്‍.''-ഹിന്ദു പെണ്‍കുട്ടി ചോദിച്ചു. നഴ്‌സിങ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുടെ ജന്മദിന പാര്‍ട്ടിയില്‍ സുഹൃത്തുക്കളായ മുസ്‌ലിംകള്‍ പങ്കെടുത്തതിനാണ് ബജ്‌റങ് ദളുകാര്‍ ആക്രമണം നടത്തിയത്. ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
കേസില്‍ ഇതുവരെ അഞ്ചുപേരെ അറസ്റ്റ് ചെയ്‌തെങ്കിലും മുഖ്യപ്രതികളായ ഋഷബ് താക്കൂര്‍, ദീപക് പതക് എന്നിവര്‍ അതില്‍ ഉള്‍പ്പെട്ടിട്ടില്ല. അതേസമയം, ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്ത ഷാന്‍, വാഖിബ് എന്നിവരെ കസ്റ്റഡിയില്‍ നിന്നും പോലിസ് വിട്ടയച്ചു.
ക്ലാസിലെ 40 പേരെയും ജന്മദിന പാര്‍ട്ടിക്ക് ക്ഷണിച്ചിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. '' 12 പേരാണ് എത്തിയത്. ഷാനും വാഖിബും അതിലുണ്ടായിരുന്നു. ഞങ്ങള്‍ ഒരു കഫെയിലാണ് പാര്‍ട്ടി പ്ലാന്‍ ചെയ്തത്. കേക്ക് മുറിക്കുന്ന സമയത്താണ് മുദ്രാവാക്യങ്ങളുമായി അവര്‍ എത്തിയത്. ഷാനെയും വാഖിബിനെയും അവര്‍ ആക്രമിച്ചു. ബാക്കിയുള്ളവരോട് മോശമായി പെരുമാറി. ഷാനെയും വാഖിബിനെയും ക്രൂരമായി മര്‍ദ്ദിച്ചു.''-പെണ്‍കുട്ടി പറയുന്നു. ഷാനും വാഖിബും കഫെയില്‍ എത്തിയ ഉടനെയാണ് ആക്രമണം നടന്നതെന്നും അവര്‍ എത്തിയ വിവരം ആരോ വിളിച്ചു പറഞ്ഞതാണെന്നും അക്കാര്യത്തിലും അന്വേഷണം വേണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു.
