ചെന്നൈ: ശ്രീലങ്കയ്ക്കുസമീപം നിലകൊണ്ട ഡിറ്റ്വാ ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ ചെന്നൈയ്ക്ക് സമീപമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചുഴലിക്കാറ്റ് കരയില്‍ കടക്കാന്‍ സാധ്യതയില്ല. അതേസമയം തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ചുഴലിക്കാറ്റിന്റെ ഭാഗമായി ഞായറാഴ്ചയും തിങ്കളാഴ്ചയും ചെന്നൈ ഉള്‍പ്പെടെ 16 ജില്ലകളില്‍ അതിശക്തമായ മഴ പെയ്യും.
ശക്തമായ കാറ്റും മഴയും തുടരുന്നതിനാല്‍ ചെന്നൈയില്‍നിന്ന് പുറപ്പെടേണ്ട 56 വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈയില്‍നിന്ന് തിരുച്ചിറപ്പള്ളി, മധുര, തൂത്തുക്കുടി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. അതേസമയം, ശ്രീലങ്കയിലേക്കൊഴികെ മറ്റുരാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ പതിവുപോലെ സര്‍വീസ് നടത്തി.