ന്യൂഡല്‍ഹി: ജാമ്യാപേക്ഷകളും മുന്‍കൂര്‍ ജാമ്യാപേക്ഷകളും അതിവേഗം തീര്‍പ്പാക്കണമെന്ന് ഹൈക്കോടതികള്‍ക്കും വിചാരണക്കോടതികള്‍ക്കും സുപ്രിംകോടതി നിര്‍ദേശം നല്‍കി. പരമാവധി രണ്ടുമാസം മാത്രമേ വൈകാവൂയെന്നും കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നത് വൈകുന്നത് വ്യക്തി സ്വാതന്ത്ര്യമെന്ന ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ്. വ്യക്തികളെ അനിശ്ചിതാവസ്ഥയിലേക്ക് തള്ളിയിടുന്നത് കോടതികള്‍ക്ക് ഉചിതമല്ലെന്നും 2019ല്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ലെന്ന് ആരോപിച്ച് വന്ന ഹരജി പരിഗണിച്ച് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഈ വിധിയുടെ പകര്‍പ്പ് രാജ്യത്തെ എല്ലാ ഹൈക്കോടതികള്‍ക്കും അയച്ചുനല്‍കിയിട്ടുണ്ട്.