മൂന്നു മുസ്‌ലിംകളെയും ദലിതനായ മേലുദ്യോഗസ്ഥനെയും വെടിവച്ചു കൊന്ന ആര്‍പിഎഫ് ജവാന്റെ വിചാരണ തുടങ്ങി; പ്രതി 'ജയ് മാതാ ദീ' മുദ്രാവാക്യം വിളിപ്പിച്ചെന്ന് സാക്ഷി
മുംബൈ: ട്രെയ്‌നില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നു മുസ്‌ലിംകളെയും ദലിതനായ മേലുദ്യോഗസ്ഥനെയും വെടിവച്ചു കൊന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ വിചാരണ ദിന്ദോഷി സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുന്നു. കേസിലെ പ്രതിയായ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ചേതന്‍ സിങ് ചൗധരിയെ സാക്ഷിയായ മുസ്‌ലിം യുവതി തിരിച്ചറിഞ്ഞു. ബുര്‍ഖ ധരിച്ചിരുന്ന തന്റെ അടുത്തെത്തിയ പ്രതി തന്നോട് 'ജയ് മാതാ ദീ' എന്ന മുദ്രാവാക്യം മുഴക്കാന്‍ ആവശ്യപ്പെട്ടെന്ന് യുവതി കോടതിയെ അറിയിച്ചു. '' ട്രെയ്‌നില്‍ കിടന്നുറങ്ങുകയായിരുന്ന ഞാന്‍ ഏകദേശം രാവിലെ 5.30നാണ് ഉണര്‍ന്നത്. തോക്കുമായി പ്രതി വരുന്നുണ്ടായിരുന്നു. അയാള്‍ എനിക്കെതിരേ തോക്കുചൂണ്ടി. എന്നിട്ട്, രാജ്യത്ത് ജീവിക്കണമെങ്കില്‍ ജയ് മാതാ ദീ എന്ന് മുദ്രാവാക്യം വിളിക്കണമെന്ന് പറഞ്ഞു. അതോടെ ഞാന്‍ മുദ്രാവാക്യം വിളിച്ചു. ആവര്‍ത്തിച്ച് ഉറക്കെ വിളിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് പറഞ്ഞു. അതോടെ തോക്കില്‍ പിടിച്ച് അതിന്റെ അറ്റം മുകളിലേക്ക് ഉയര്‍ത്തി താന്‍ ആരാണെന്ന് ചോദിച്ചു. തോക്കില്‍ തൊടരുതെന്ന് അയാള്‍ പറഞ്ഞു. ഭയന്ന ഞാന്‍ തോക്കില്‍ നിന്നും കൈയ്യെടുത്തു. അപ്പോള്‍ അയാള്‍ പോയി.''- യുവതി കോടതിയെ അറിയിച്ചു. മറ്റു കോച്ചുകളില്‍ മൃതദേഹങ്ങള്‍ കിടക്കുന്നുണ്ടെന്ന കാര്യം ബോറിവല്ലിയില്‍ ഇറങ്ങിയപ്പോള്‍ ആണ് അറിഞ്ഞതെന്നും യുവതി കോടതിയെ അറിയിച്ചു. കൊലപാതകം അറിഞ്ഞ ഒരു യാത്രക്കാരനാണ് അപായ ചങ്ങല വലിച്ച് ട്രെയ്ന്‍ നിര്‍ത്തിയതെന്ന് പോലിസ് കോടതിയെ അറിയിച്ചു. ആ സമയം പ്രതി ട്രെയ്‌നില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് റെയില്‍വേ ട്രാക്കില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2023 ജൂലൈ 31നാണ് റെയില്‍വേ പോലിസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ ടീക്കാറാം മീണയേയും ജയ്പൂര്‍-മുംബൈ എക്‌സ്പ്രസിലെ യാത്രക്കാരായ അസ്ഗര്‍ അലി അബ്ബാസിനെയും അബ്ദുല്‍ ഖാദര്‍ ബന്‍പുര്‍വാലയേയും സയ്യിദ് സൈഫുദ്ദീനെയും ചേതന്‍ സിങ് ചൗധരി വെടിവച്ചു കൊന്നത്. തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും വിചാരണ നടത്തരുതെന്നും ആവശ്യപ്പെട്ട് പ്രതി നേരത്തെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയത്.