മുഹര്‍റം ആഘോഷം: ഭോപ്പാലിലെ ആയത്തുല്ല അലി ഖാംനഇയുടെ പോസ്റ്ററുകള്‍ നീക്കം ചെയ്തു (VIDEO)

Update: 2025-07-01 04:41 GMT

ഭോപ്പാല്‍: മുഹര്‍റം ആഘോഷങ്ങളുടെ ഭാഗമായി മധ്യപ്രദേശിലെ ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷന് സമീപം സ്ഥാപിച്ച പോസ്റ്ററുകളും ഫ്‌ളെക്‌സുകളും നീക്കം ചെയ്തു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ, ആയത്തുല്ല അലി അല്‍ സിസ്താനി, ആയത്തുല്ല റൂഹുല്ല ഖൊമൈനി, ജനറല്‍ ഖാസിം സുലൈമാനി, ജനറല്‍ മുഹമ്മദ് ബാഗേരി, ആണവശാസ്ത്രജഞരായ മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി, ഫെറിയുദ്ദീന്‍ അബ്ബാസി തുടങ്ങിയവരുടെ ചിത്രങ്ങളാണ് നീക്കം ചെയ്തത്. ഇവരെ കൊലപ്പെടുത്തിയവര്‍ക്ക് വേദനാജനകമായ അവസാനമുണ്ടാവുമെന്നും പോസ്റ്ററുകളിലുണ്ടായിരുന്നു.

ബിജെപി നേതാക്കളുടെ പരാതിയിലാണ് പോസ്റ്ററുകള്‍ പോലിസ് നീക്കം ചെയ്തത്. വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാനാണ് പോസ്റ്ററുകള്‍ നീക്കം ചെയ്തതെന്ന് ഒരു പോലിസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

മുഹര്‍റം ആഘോഷങ്ങളുടെ ഭാഗമായി എല്ലാവര്‍ഷവും ഇത്തരം പോസ്റ്ററുകള്‍ പതിക്കാറുണ്ടെന്ന് ഇറാനിയന്‍ ക്യാംപിന് നേതൃത്വം നല്‍കുന്ന ഇമാം ഷഹ്കര്‍ ഹുസൈന്‍ പറഞ്ഞു. ''പോസ്റ്ററുകള്‍ ഇന്ത്യക്ക് എതിരെയോ ഏതെങ്കിലും രാജ്യത്തിന് അനുകൂലമോ ആയിരുന്നില്ല. അക്രമികളെ ഒരു പാഠം പഠിപ്പിച്ച ഇറാന്റെ നേതാക്കളുടെ ചിത്രം സ്ഥാപിക്കുന്നതില്‍ എന്താണ് തെറ്റ്. ഞങ്ങള്‍ ഇന്ത്യക്കാരാണ്. അനീതിക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് മാത്രമാണ് ഞങ്ങളുടെ ആഗ്രഹം.''-അദ്ദേഹം പറഞ്ഞു. ഭോപ്പാലിലെ ഇറാനിയന്‍ ക്യാംപിന് 70 വര്‍ഷത്തില്‍ അധികം പഴക്കമുണ്ട്. മധ്യപ്രദേശിലെ മുഹര്‍റം ആഘോഷങ്ങളുടെ കേന്ദ്രമാണിത്.