ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചത് നിരാശാജനകം: സുപ്രിംകോടതി മുന്‍ ജഡ്ജിമാര്‍
ന്യൂഡല്‍ഹി: പൗരത്വ നിഷേധ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ജയിലില്‍ അടച്ച ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച നടപടി നിരാശാജനകമെന്ന് സുപ്രിംകോടതി മുന്‍ ജഡ്ജിമാര്‍. യുഎപിഎ പോലുള്ള നിയമപ്രകാരമുള്ള കേസുകളിലായാലും വിചാരണ വൈകുന്നത് ഭരണഘടനാ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന കെ എ നജീബ് കേസിലെ വിധി സുപ്രിംകോടതി ഇപ്പോള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന് മുന്‍ ജഡ്ജിമാരായ മദന്‍ ബി ലോക്കൂറും സുധാന്‍ഷു ധുലിയയും പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സംഘടിപ്പിച്ച ടോക്ക്‌ഷോയിലാണ് പരാമര്‍ശങ്ങള്‍. വിചാരണ വൈകിയതും കേസില്‍ കുറ്റാരോപിതര്‍ ജയിലില്‍ കിടക്കുന്നതും പരിഗണിക്കാതെയാണ് സുപ്രിംകോടതി ജാമ്യാപേക്ഷ തള്ളിയതെന്ന് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ ചൂണ്ടിക്കാട്ടി. കേസിലെ വിചാരണ വൈകുന്നതിന് കുറ്റാരോപിതര്‍ കാരണക്കാരല്ലാത്തതിനാല്‍ അവര്‍ക്ക് ആനുകൂല്യം ലഭിക്കണമായിരുന്നു. കേസിലെ ആരോപണങ്ങളില്‍ വാദം കേള്‍ക്കാന്‍ ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും എപ്പോഴും തയ്യാറായിരുന്നു. യോഗങ്ങളില്‍ പങ്കെടുത്തതിനും വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതിനും പ്രസംഗിച്ചതിനും ലഘിലേഖകള്‍ വിതരണം ചെയ്തതിനും തീവ്രവാദ ക്കുറ്റം ചുമത്തേണ്ടതുണ്ടോ എന്ന കാര്യവും സുപ്രിംകോടതി പരിശോധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ഇനി ഒരുവര്‍ഷത്തേക്ക് ജാമ്യാപേക്ഷ നല്‍കേണ്ടെന്ന വ്യവസ്ഥ സുപ്രിംകോടതി എവിടെ നിന്നാണ് കൊണ്ടുവന്നതെന്ന് ജസ്റ്റിസ് സുധാന്‍ഷു ധുലിയ ചോദിച്ചു. ജാമ്യം നല്‍കേണ്ടെന്ന് തീരുമാനിച്ച ശേഷം അതിന് വേണ്ട കാരണങ്ങള്‍ കൊണ്ടുവരുകയാണ് സുപ്രിംകോടതി ചെയ്തതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു. ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ക്ക് ശേഷം നിരവധി കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവര്‍ക്കെതിരേ നടപടികളുണ്ടായില്ല. ഈ വിദ്യാര്‍ഥികള്‍ കലാപത്തിന് ആഹ്വാനം ചെയ്‌തോ ?. പ്രോസിക്യൂഷന്‍ വാദങ്ങള്‍ കോടതി അങ്ങനെ തന്നെ അംഗീകരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 750 കേസുകള്‍ ഫയല്‍ ചെയ്തതായി കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. അതിലൊന്നിലും ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും പ്രതികളല്ല. വിചാരണ നടന്ന കേസുകളില്‍ 97 എണ്ണത്തില്‍ പ്രതികളെ വെറുതെവിട്ടു. 16 എണ്ണത്തില്‍ പ്രതികളെ ശിക്ഷിച്ചു. പോലിസ് കേസ് ഡയറി തിരുത്തിയെന്നും തെളിവുകള്‍ കെട്ടിച്ചമച്ചെന്നും നിരവധി കേസുകളില്‍ വിചാരണക്കോടതി അഭിപ്രായപ്പെടുകയുണ്ടായി. ഉമറിനെയും ഷര്‍ജീലിനെയും ഒരു പാഠം പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് തോന്നുകയാണെന്നും കപില്‍ സിബല്‍ പറഞ്ഞു. അങ്ങനെ തന്നെയാണ് തോന്നുന്നതെന്ന് ജസ്റ്റിസ് മദന്‍ ബി ലോക്കൂറും അഭിപ്രായപ്പെട്ടു.

