ബെയ്‌റൂത്ത്: ഇസ്രായേലുമായുള്ള നയതന്ത്രം ഇതുവരെ ഗുണം ചെയ്തില്ലെന്ന് ലബ്‌നാന്‍ പ്രധാനമന്ത്രി നവ്വാഫ് സലാം. ഇസ്രായേല്‍ സ്ഥാപിച്ചത് മുതല്‍ അവരുടെ അതിക്രമങ്ങള്‍ തടയാന്‍ പ്രാദേശിക-അന്തര്‍ദേശീയ ശക്തികള്‍ക്ക് പിന്നാലെ ലബ്‌നാന്‍ പോവേണ്ടി വന്നുവെന്ന് നവ്വാബ് സലാം പറഞ്ഞു. ഇപ്പോള്‍ തന്നെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ നിരന്തരം ലംഘിച്ചുകൊണ്ടിരിക്കുന്നു. ഇസ്രായേലുമായി നേരില്‍ ചര്‍ച്ച നടത്താന്‍ ലബ്‌നാന്‍ തയ്യാറല്ല. സമാധാനത്തിന് ശേഷമേ ബന്ധത്തെ കുറിച്ച് ആലോചിക്കാനാവൂ. 2002ല്‍ ബെയ്‌റൂത്തില്‍ വച്ച് ഒപ്പിട്ട അറബ് സമാധാന കരാറിനാണ് ലബ്‌നാന്‍ പ്രാധാന്യം നല്‍കുന്നത്. അതില്‍ അറബ് രാജ്യങ്ങളും കക്ഷികളാണ്. ആ കരാര്‍ നടപ്പാവുകയാണെങ്കില്‍ 1967ല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ ഇസ്രായേല്‍ വിട്ടുനല്‍കേണ്ടി വരും. കൂടാതെ കിഴക്കന്‍ അല്‍ ഖുദ്‌സ് തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കേണ്ടിയും വരും. അതെല്ലാം കഴിഞ്ഞേ അവരുമായി നേരില്‍ ചര്‍ച്ച നടത്താനാവു. ഹിസ്ബുല്ലയുടെ ചെറുത്തുനില്‍പ്പുള്ളതിനാല്‍ മാത്രമാണ് 2000ത്തില്‍ തെക്കന്‍ ലബ്‌നാനില്‍ നിന്നും ഇസ്രായേല്‍ പിന്‍മാറിയതെന്നും അദ്ദേഹം വിശദീകരിച്ചു.