''യുവനടി എനിക്കെതിരേ സംസാരിക്കാന്‍ കാരണം പ്രത്യേക പോലിസ് സംഘം, ഉത്തരവാദികള്‍ക്കെതിരേ നിയമ നടപടികളുണ്ടാവും'': ദിലീപ്

Update: 2025-12-09 06:32 GMT

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്ന കേസിലെ ഗൂഡാലോചന കുറ്റത്തില്‍ നിന്നും മോചിതനായ നടന്‍ ദിലീപ് നിയമനടപടികളിലേക്ക്. തനിക്കെതിരേ ഗൂഡാലോചന നടന്നെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് ദി ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞു. സ്വന്തം വ്യക്തി താല്‍പര്യത്തിനും ജനപ്രിയതക്കും വേണ്ടി ചില പോലിസ് ഉദ്യോഗസ്ഥരാണ് തന്നെ പ്രതിയാക്കിയതെന്ന് ദിലീപ് അവകാശപ്പെട്ടു. '' പരാതിക്കാരിയുമായി എല്ലാ കാലത്തും നല്ല ബന്ധമായിരുന്നു. പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. കേസ് നല്‍കി ആദ്യ നാലുമാസം എന്നെ കുറിച്ച് അവര്‍ ആരോപണങ്ങള്‍ ഒന്നും ഉന്നയിച്ചില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് അവര്‍ പിന്നീട് എനിക്കെതിരേ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് കരുതുന്നു. പ്രത്യേക പോലിസ് സംഘം സര്‍ക്കാരിനെയും തെറ്റിധരിപ്പിച്ചു. ഇതെല്ലാം അന്വേഷിക്കണം. എന്റെ അഭിഭാഷകരെ കേസില്‍ കുടുക്കാനും ശ്രമമുണ്ടായി. എന്റെ ജീവിതം വച്ച് പ്രശസ്തി നേടാനാണ് പോലിസ് സംഘം ശ്രമിച്ചത്. അവര്‍ മാധ്യമങ്ങള്‍ക്ക് പല ഇല്ലാത്ത വിവരങ്ങളും നല്‍കി. എന്റെ സിനിമകള്‍ കാണുന്നവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നെ ഒരു ദിവസം ഒന്നരമണിക്കൂറില്‍ അധികം ചോദ്യം ചെയ്തിട്ടില്ല. പക്ഷേ, എന്നെ 13 മണിക്കൂര്‍ ചോദ്യം ചെയ്‌തെന്ന് പ്രചരിപ്പിച്ചു. ഞങ്ങള്‍ പലപ്പോഴും വെറുതെ സംസാരിച്ചിരിക്കുകയായിരുന്നു. പക്ഷേ, പോലിസ് മാധ്യമങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു. ''-ദിലീപ് അവകാശപ്പെട്ടു. വിചാരണക്കോടതിയുടെ വിധിപ്പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ കള്ളക്കേസുണ്ടാക്കിയവര്‍ക്കെതിരേ നിയമനടപടി ആരംഭിക്കും. തന്നെ കോടതി വെറുതെവിട്ട കാര്യം അംഗീകരിച്ച് തന്റെ അംഗത്വത്തില്‍ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' സ്വയം തീരുമാനമെടുക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.