തെഹ്‌റാന്‍: തെക്കന്‍ ഇസ്രായേലിലെ ബീര്‍ഷെബയിലെ സൊറോക്ക മെഡിക്കല്‍ സെന്ററിനെ നേരിട്ട് ആക്രമിച്ചില്ലെന്ന് ഇറാന്‍. ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈനികരെ ചികില്‍സിക്കുന്ന ആശുപത്രിയാണ് ഇതെങ്കിലും രോഗികളെ ആക്രമിച്ചില്ലെന്ന് ഇറാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇസ്രായേലിന്റെ രണ്ടു തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍ക്കിടയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനം, സെന്‍ട്രല്‍ കമാന്‍ഡ് ഓഫീസ് എന്നിവയാണ് തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍. അവിടെ നിന്നാണ് ഇസ്രായേല്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നത്. തൊട്ടടുത്തെ കെട്ടിടങ്ങളിലെ സ്‌ഫോടനങ്ങളുണ്ടാക്കിയ ഷോക്ക് വേവുകളാണ് ആശുപത്രിയില്‍ നാശമുണ്ടാക്കിയത്. സിവിലിയന്‍ ആശുപത്രിയെ ആക്രമിച്ചുവെന്നത് വ്യാജ പ്രചാരണമാണ്. യഥാര്‍ത്ഥ നഷ്ടം മറച്ചുവയ്ക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്നും ഇറാന്‍ അറിയിച്ചു.