എയിംസ് 2026ല്‍ തന്നെ വരുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല: സുരേഷ് ഗോപി

Update: 2026-02-11 15:12 GMT

കൊല്ലം: കേരളത്തില്‍ എയിംസ് വരുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും 2026ല്‍ തന്നെ വരുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് കിട്ടാന്‍ കേരളം ഒന്നും ചെയ്തില്ലെന്ന ആരോപണവും അദ്ദേഹം ആവര്‍ത്തിച്ചു. സാധ്യതയുള്ള നാല് സ്ഥലങ്ങള്‍ സംസ്ഥാനം കണ്ടെത്തി നല്‍കണമെന്നും എയിംസ് ആലപ്പുഴയില്‍ വരണമെന്നാണ് തന്റെ നിലപാടെന്നും സുരേഷ് ഗോപി പറഞ്ഞു.

'ആലപ്പുഴയില്‍ എയിംസ് വരണമെന്നത് 2015 മുതലുള്ള എന്റെ നിലപാടാണ്. അന്ന് ഞാന്‍ എംപിയൊന്നും ആയിരുന്നില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും എയിംസ് എന്ന സ്വപ്നതുല്യമായ പദ്ധതി കേന്ദ്രം മുന്നോട്ടുവെച്ചിരുന്നു. 2016ലാണ് ഇത് പ്രഖ്യാപിക്കുന്നത്. ആലപ്പുഴ പോലെ എല്ലാ അര്‍ഥത്തിലും അധ:പതിച്ചുകിടക്കുന്ന ഒരു ജില്ലയില്‍ എയിംസ് വേണമെന്ന് അന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ്. അതിന് മതിയായ കാരണങ്ങളും ഉണ്ടായിരുന്നു. അന്നത്തെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കിലും ആലപ്പുഴയില്‍ സ്ഥലം തന്നില്ലെങ്കില്‍ തീര്‍ച്ചയായും തൃശൂരില്‍ എയിംസ് കൊണ്ടുവന്നിരിക്കും. കേരളത്തില്‍ എയിംസ് വരുമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ, 2026ല്‍ വരുമെന്ന് ഞാന്‍ പറഞ്ഞോ? മറ്റെല്ലാവരെയും പോലെ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ വികസനത്തെ ഓര്‍ത്തെടുക്കുന്നവരല്ല ഞങ്ങള്‍. ഞങ്ങള്‍ക്കിനിയും സമയമുണ്ട്. 2027ലോ 28ലോ ഞങ്ങളത് സാധ്യമാക്കും' -സുരേഷ് ഗോപി പറഞ്ഞു.

'ഞാന്‍ പറഞ്ഞതുപോലൊരു വാഗ്ദാനം മറ്റാരാണ് മുന്നോട്ടുവെച്ചത്? എന്റെ കാലാവധി കഴിയുന്നതിന് മുന്‍പ് അധികാരത്തിലേറുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്ത് തരികയാണെങ്കില്‍ കേരളത്തില്‍ എയിംസ് കൊണ്ടുവരുന്നതില്‍ ഒരു തടസവുമില്ല. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന കേരളത്തില്‍ നല്ല അന്തരീക്ഷമാണ് നിലവിലുള്ളത്. ബിജെപി സ്ഥാനാര്‍ഥികളുടെ മൂല്യം മാത്രമാണ് ജനങ്ങള്‍ നോക്കുന്നത്. 21 എംഎല്‍എമാര്‍ ഇത്തവണ ബിജെപിക്ക് കിട്ടിയാല്‍ ബിജെപി ആയിരിക്കും കിങ് മേക്കേഴ്‌സ്. ആര് ഭരിക്കണമെന്നത് ബിജെപി തീരുമാനിക്കും. ആ 21ല്‍ ഒന്നാകാന്‍ എനിക്ക് താല്‍പര്യമില്ല' -സുരേഷ് ഗോപി പറഞ്ഞു.

ശബരിമല വാജി വാഹനത്തില്‍ താന്‍ തന്നെയാണ് സ്വര്‍ണപ്പാളി ഒട്ടിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. വീട്ടിലുള്ള സ്വര്‍ണമാണ് താന്‍ കൊടിമരത്തിനായി നല്‍കിയത്. അജയ് തറയിലും പ്രയാര്‍ ഗോപാലകൃഷ്ണനും എല്ലാം രേഖപ്പെടുത്തിയാണ് വാങ്ങിയത്. ഭക്തജനങ്ങളെ സംബന്ധിച്ച് കൊടിമരത്തിന്റെ പുനര്‍നിര്‍മാണം വലിയ കാര്യമാണ്. കൊടിമരം പുനസ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞതാണ്. മോഹന്‍ലാല്‍ തന്നെ വിളിച്ച് സ്വര്‍ണം നല്‍കണമെന്ന് പറഞ്ഞു. അരപവന്‍ നല്‍കിയ ആളുകള്‍ വരെയുണ്ട്. അജയ് തറയില്‍, പ്രയാര്‍ ഉള്‍പ്പെടെയുള്ള വലിയ ഭക്തര്‍ എല്ലാം കൃത്യമായി രേഖപ്പെടുത്തിയാണ് വാങ്ങിവെച്ചത് -അദ്ദേഹം പറഞ്ഞു.