വാഷിങ്ടണ്‍: ലോകത്തെ വിവിധ അറബ്-ഇസ്‌ലാമിക രാജ്യങ്ങളിലെ അധിനിവേശത്തില്‍ നിര്‍ണായക പങ്കുവഹിച്ച യുഎസ് മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു. 2001 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് സെന്ററിന് നേരെ ആക്രമണം നടന്നപ്പോള്‍ ഡിക് ചെനിയായിരുന്നു വൈസ് പ്രസിഡന്റ്. പ്രതിരോധ സെക്രട്ടറി ഡോണള്‍ഡ് റംസ്‌ഫെഡുമായി ചേര്‍ന്ന് അഫ്ഗാനിസ്താനിലേക്ക് സൈന്യത്തെ അയക്കുന്നതിന് ഡിക് ചെനി നിര്‍ദേശം നല്‍കി. ഭീകരതക്കെതിരായ യുദ്ധമെന്ന പേരില്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് ആരംഭിച്ച അധിനിവേശ പദ്ധതികളുടെ നട്ടെല്ലായിരുന്നു ഡിക് ചെനി.
പിന്നീട് ഇറാഖിലേക്കും യുഎസ് സര്‍ക്കാര്‍ സൈന്യത്തെ അധിനിവേശത്തിന് അയച്ചു. ഇറാഖില്‍ കൂട്ടനശീകരണ ആയുധങ്ങളുണ്ടെന്ന വ്യാജ ആരോപണമായിരുന്നു ആക്രമണത്തിന് കാരണം. ഈ അധിനിവേശത്തിലാണ് ഇറാഖി ഭരണാധികാരി സദ്ദാം ഹുസൈനെ കൊലപ്പെടുത്തിയത്. യുഎസിന്റെ ആക്രമണങ്ങള്‍ മൂലം 2001 മുതല്‍ ഇറാഖിലും അഫ്ഗാനിസ്താനിലും സിറിയയിലും യെമനിലും പാകിസ്താനിലുമായി എട്ടുലക്ഷത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടു. താന്‍ സിഇഒ ആയിരുന്ന ഹാലിബര്‍ട്ടന്‍ കമ്പനിക്ക് ഇറാഖിന്റെ പുനര്‍നിര്‍മാണത്തില്‍ വലിയ കരാറുകള്‍ നല്‍കാനും ഡിക് ചെനി മുന്‍കൈയ്യെടുത്തു.
യേല്‍ സര്‍വകലാശാലയില്‍ നിന്നും പഠിച്ചിറങ്ങിയ ഡിക് ചെനി വിയറ്റ്‌നാം അധിനിവേശത്തില്‍ സൈനിക സേവനം നടത്താത്തത് വിവാദമായിരുന്നു. 1990-91 കാലത്ത് യുഎസും 35 സഖ്യകക്ഷികളും ഇറാഖിനെ ആക്രമിക്കുന്ന കാലത്ത് പ്രതിരോധ സെക്രട്ടറിയായിരുന്നു ഡിക് ചെനി. പക്ഷേ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ട്രംപിനെതിരേ 2024ല്‍ ഡിക് ചെനി നിലപാട് എടുത്തു. യുഎസിന്റെ 248 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മോശമായ സ്ഥാനാര്‍ത്ഥിയാണ് ട്രംപെന്നാണ് ചെനി അഭിപ്രായപ്പെട്ടത്.
