ധര്‍മസ്ഥല: കൊല്ലപ്പെട്ട സൗജന്യയുടെ കുടുംബത്തിന് നേരെ ആക്രമണം

Update: 2025-08-07 03:50 GMT

ബെല്‍ത്തങ്ങാടി: കര്‍ണാടകത്തിലെ ധര്‍മസ്ഥലയില്‍ 2012ല്‍ കൊല്ലപ്പെട്ട സൗജന്യയുടെ കുടുംബത്തിന് നേരെ ആക്രമണം. സൗജന്യയുടെ വീട്ടിലെ കാറിനും അമ്മാവന്റെ കാറിനും നേരെ ആക്രമണമുണ്ടായി. ഈ കാറുകളില്‍ സൗജന്യയുടെ ചിത്രമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും വീട്ടിലേക്കുള്ള വഴി അറിയാന്‍ സ്ഥാപിച്ചിരുന്ന സൗജന്യയുടെ ചിത്രമുള്ള ബോര്‍ഡും അക്രമികള്‍ നശിപ്പിച്ചു.അതേസമയം, ധര്‍മസ്ഥല സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെയും യൂട്യൂബര്‍മാരെയും ആക്രമിച്ചവര്‍ക്കെതിരേ പോലിസ് കേസെടുത്തു.


സൗജന്യ കേസ്

ധര്‍മസ്ഥല മഞ്ജുനാഥേശ്വര കോളജില്‍ പഠിച്ചിരുന്ന സൗജന്യ 2012 ഒക്ടോബര്‍ ഒമ്പതിന് വൈകീട്ട് 4 മണിക്കും 4.15നും ഇടയിലാണ് നേത്രാവതി നദിയുടെ തീരത്ത് ബസ് ഇറങ്ങിയത്. അടുത്ത ദിവസം രാവിലെയാണ് സൗജന്യയുടെ മൃതദേഹം പോലിസ് കണ്ടെത്തിയത്. വസ്ത്രങ്ങളെല്ലാം കീറിയും അടിവസ്ത്രം ഇല്ലാതെയുമായിരുന്നു മന്നസങ്കയിലെ ശ്രീ ധര്‍മസ്ഥല മഞ്ജു നാഥേശ്വര യോഗ ആന്‍ഡ് നാച്ചുറല്‍ ക്യുവര്‍ ആശുപത്രിക്ക് മുന്നിലെ കാട്ടില്‍ മൃതദേഹം കിടന്നിരുന്നത്. സംഭവത്തില്‍ മാനസിക രോഗിയായ ഒരാളെയാണ് പ്രതിയാക്കിയത്. ഡോ. വീരേന്ദ്ര ഹെഗ്ഗഡെയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധര്‍മസ്ഥല മഞ്ജു നാഥേശ്വര ക്ഷേത്ര ട്രസ്റ്റ്രിലെ ജീവനക്കാരായ മാലിക് ജെയ്ന്‍, രവി പൂജാരി, ശിവപ്പ മലേകുഡിയ, ഗോപാല്‍കൃഷ്ണ ഗൗഡ എന്നിവരാണ് പ്രതിയായ സന്തോഷ് റാവുവിനെ ''പിടികൂടി'' നല്‍കിയത്. 2025 ജൂണ്‍ 16ന് അഡീഷണല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതി സന്തോഷ് റാവുവിനെ വെറുതെവിട്ടു. ഇതില്‍ മൊഴി നല്‍കിയ മൂന്നില്‍ രണ്ടു പേരും 2013, 2014 കാലത്ത് മരിച്ചു. മൊഴി നല്‍കി ആറു മാസത്തിന് ശേഷമാണ് 2013 ഏപ്രില്‍ എട്ടിന് രവി പൂജാരി 'ആത്മഹത്യ' ചെയ്തത്. അതൊന്നും സിബിഐ അന്വേഷിച്ചില്ല. 2014ല്‍ മരിച്ച ഗോപാല്‍കൃഷ്ണ ഗൗഡയുടെ കുടുംബവുമായി സിബിഐ സംസാരിച്ചതു പോലുമില്ല.