ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങളില്‍ പരിശോധന തുടങ്ങി

Update: 2025-07-28 09:44 GMT

ബെല്‍ത്തങ്ങാടി: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങളില്‍ പ്രത്യേക പോലിസ് സംഘം പരിശോധന തുടങ്ങി. നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയും ബലാല്‍സംഗം ചെയ്ത് കൊന്നതിന് ശേഷം തനിക്ക് കുഴിച്ചിടാന്‍ നല്‍കിയെന്ന് വെളിപ്പെടുത്തിയ ശുചീകരണത്തൊഴിലാളി പറഞ്ഞ സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി തൊഴിലാളിയുടെ വിശദ മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് മൊഴിയില്‍ പറഞ്ഞ പ്രദേശങ്ങളില്‍ പരിശോധന നടക്കുന്നത്. നേത്രാവതി നദിയുടെ തീരത്തെ കുളിക്കടവിലും കൊടുംവനത്തിലുമാണ് പരിശോധനകള്‍ നടക്കുന്നത്.





 ആദ്യം കുളിക്കടവിന് സമീപത്ത് എത്തിച്ചപ്പോള്‍ പ്രദേശത്തെ ഒരു സ്ഥലം അയാള്‍ ചൂണ്ടിക്കാട്ടി. അതിന് ശേഷമാണ് വനത്തിലേക്ക് കൊണ്ടുപോയത്. അയാള്‍ പറയുന്ന സ്ഥലങ്ങള്‍ പോലിസ് സംഘം അടയാളപ്പെടുത്തുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിലെ ജിതേന്ദ്ര കുമാര്‍ ദയാമ, സി എ സൈമണ്‍ എന്നിവരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നിരവധി മൃതദേഹങ്ങള്‍ കൂട്ടിയിട്ട് മറവ് ചെയ്ത ഒരുസ്ഥലം തൊഴിലാളി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇനി പ്രദേശത്ത് കുഴിക്കല്‍ നടപടികള്‍ ആരംഭിക്കും. അതുവരെ പ്രദേശത്ത് മറ്റാരെയും പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല.