ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: പോലിസ് പ്രതികള്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്ന് കാണാതായ പെണ്‍കുട്ടിയുടെ അമ്മ
മംഗളൂരു: ധര്‍മസ്ഥലയിലെ കൊലപാതകങ്ങളില്‍ പോലിസ് പ്രതികള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് 2003ല്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ഥിനി അനന്യ ഭട്ടിന്റെ അമ്മ സുജാത ഭട്ട്. അതിനാല്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് സുജാത ഭട്ട് ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ മറവ് ചെയ്ത സ്ഥലങ്ങള്‍ ചൂണ്ടിക്കാട്ടുന്ന സാക്ഷികള്‍ അതിന് ശേഷം ഒളിവില്‍ പോവാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപോര്‍ട്ടുണ്ടെന്ന് എസ്പി ഡോ. കെ അരുണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അയാള്‍ ഒളിവില്‍ പോവാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ എന്തിനാണ് മൃതദേഹങ്ങള്‍ മറവ് ചെയ്ത സ്ഥലം ചൂണ്ടിക്കാട്ടുന്നതെന്ന് സുജാത ഭട്ടിന്റെ അഭിഭാഷകനായ മഞ്ജുനാഥ് ചോദിച്ചു. ധര്‍മസ്ഥലയില്‍ നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടെന്ന് എസ്പിക്ക് അറിയാമെന്നതിന്റെ തെളിവാണത്. ജൂലൈ 3 ന് ഔദ്യോഗിക പരാതി നല്‍കിയതിനുശേഷവും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പോലിസ് ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോലിസിന്റെ ഈ നിഷ്‌ക്രിയത്വം, തെളിവുകള്‍ നശിപ്പിക്കാനോ നീക്കം ചെയ്യാനോ പ്രതികള്‍ക്ക് ധാരാളം സമയം നല്‍കിയിട്ടുണ്ടെന്ന് സുജാത ആരോപിച്ചു. ദക്ഷിണ കന്നഡ പോലിസ് പ്രതികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നതില്‍ സംശയമില്ലെന്നും അവര്‍ പറഞ്ഞു.
2003ലാണ് ധര്‍മസ്ഥലയിലെ വിവാദക്ഷേത്രത്തില്‍ അനന്യ ഭട്ടും മറ്റു രണ്ടു സുഹൃത്തുക്കളും എത്തിയിരുന്നത്. ക്ഷേത്ര വളപ്പില്‍ വച്ചാണ് അനന്യയെ കാണാതായത്. ബെല്‍ത്തങ്ങാടി പോലിസ് അന്ന് കേസ് അന്വേഷിക്കാന്‍ തയ്യാറായില്ല. മകള്‍ ആരുടെയെങ്കിലും കൂടെ പോയിക്കാണുമെന്നാണ് പോലിസ് പറഞ്ഞതെന്നും പരാതി സ്വീകരിച്ചില്ലെന്നും സുജാത ഭട്ട് പറയുന്നു.
അതിന് ശേഷം ധര്‍മസ്ഥല ക്ഷേത്രത്തിന്റെ ധര്‍മാധികാരി ഡോ. ഡി വീരേന്ദ്ര ഹെഗ്ഗഡെയെ കണ്ടു പരാതി നല്‍കി. അന്ന് രാത്രി ക്ഷേത്രത്തിന് സമീപം ഇരിക്കുമ്പോള്‍ വെള്ള വസ്ത്രം ധരിച്ച ചിലര്‍ മകളെ കുറിച്ചുള്ള വിവരങ്ങള്‍ പറയാമെന്ന് പറഞ്ഞ് സുജാതയെ കൂട്ടിക്കൊണ്ടുപോയി. ക്ഷേത്രത്തിലെ ഒരു മുറിയില്‍ പൂട്ടിയിടുകയാണ് അവര്‍ ചെയ്തത്. തലയ്ക്ക് അടിയേറ്റ ശേഷം മൂന്നു മാസം കോമയില്‍ കഴിഞ്ഞ ശേഷമാണ് സുജാതയ്ക്ക് ബോധം തിരികെ കിട്ടിയത്.
