ധര്‍മസ്ഥലയില്‍ പെണ്‍കുട്ടി ക്രൂരതക്കിരയായത് നേരിട്ട് കണ്ടെന്ന് വെളിപ്പെടുത്തി മലയാളി ലോറി ഡ്രൈവര്‍

Update: 2025-07-20 04:32 GMT

മംഗളൂരു: കര്‍ണാടകത്തിലെ ധര്‍മസ്ഥലയില്‍ 2009ല്‍ പെണ്‍കുട്ടി ക്രൂരതക്കിരയായത് നേരിട്ട് കണ്ടുവെന്ന് മലയാളിയായ ടിപ്പര്‍ ലോറി ഡ്രൈവര്‍ വെളിപ്പെടുത്തി. ധര്‍മസ്ഥലയിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ധര്‍മസ്ഥല നെല്യാടി സ്വദേശിയായ ഡ്രൈവര്‍ കൈരളി ന്യൂസിനോട് സംസാരിച്ചു.

മംഗളൂരു- സുബ്രഹ്‌മണ്യ റെയില്‍വെ ലൈനിന് കരിങ്കല്ല് ഇറക്കാന്‍ താന്‍ അക്കാലത്ത് സ്ഥിരമായി ലോറി ഓടിക്കുമായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. 2009ന്റെ അവസാന നാളുകളിലൊന്നില്‍ പുലര്‍ച്ചെ ക്രഷറില്‍ നിന്നും കല്ലുമായി സുബ്രഹ്‌മണ്യയിലേക്ക് പോകുമ്പോഴാണ് ക്രൂരത കണ്ടത്. ''ധര്‍മസ്ഥലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ കഴിഞ്ഞ് പുതുമ്പെട്ട് ക്രോസിലെത്തിയപ്പോള്‍, ഒരു പെണ്‍കുട്ടി റോഡിലൂടെ ഓടി വരുന്നു. നഗ്‌നയായ അവളുടെ ദേഹത്താകെ ചോര പൊടിയുന്നുണ്ടായിരുന്നു. ലോറി നിര്‍ത്തി. എന്തുപറ്റിയെന്ന് കന്നഡയില്‍ ചോദിച്ചെങ്കിലും കിതപ്പോടെ, ലോറിയുടെ പിറകുവശത്തേക്ക് അവള്‍ ഓടിപ്പോയി.''

പെണ്‍കുട്ടിക്ക് പിന്നാലെ വന്ന മഞ്ഞ ഇന്‍ഡിക്ക കാറില്‍ നിന്ന് വെള്ളമുണ്ടും വെള്ള ഷാളും ധരിച്ച ഷര്‍ട്ടിടാത്ത നാലു പേര്‍ ചാടിയിറങ്ങി. ലോറി റോഡില്‍ നിര്‍ത്തിയിട്ടതില്‍ ചീത്ത വിളിച്ചു. ഉടന്‍ സ്ഥലം വിടണമെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് ദിവസം കഴിഞ്ഞ് സംഭവം നടന്ന സ്ഥലത്ത് നിന്ന് അരക്കിലോമീറ്റര്‍ മാറിയുള്ള പുതുബെട്ടിലെ തോട്ടില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം പൊങ്ങി. ഈ സമയം അതുവഴി കടന്നു പോയപ്പോള്‍ മൃതദേഹം കണ്ടിരുന്നു. വീട്ടുകാരോട് ഇക്കാര്യം അന്ന് തന്നെ പറഞ്ഞിരുന്നു. പോലിസിനും കോടതിക്കും മൊഴി നല്‍കാന്‍ തയ്യാറാണെന്നും ഡ്രൈവര്‍ പറയുന്നു.

1990-2014 കാലത്ത് നിരവധി മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ നിര്‍ബന്ധിതനായെന്ന ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലാണ് സംഭവങ്ങളില്‍ അന്വേഷണത്തിന് കാരണമായിരിക്കുന്നത്. ധര്‍മസ്ഥല വിഷയത്തില്‍ കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.