ധര്‍മസ്ഥലയില്‍ പിതാവിനെ വണ്ടി ഇടിച്ച് കൊന്നെന്ന് മലയാളി യുവാവ്; പോലിസില്‍ പരാതി നല്‍കി
കണ്ണൂര്‍: കര്‍ണാടകത്തിലെ ധര്‍മസ്ഥലയില്‍ തന്റെ പിതാവിനെ ചിലര്‍ വണ്ടിയിടിപ്പിച്ച് കൊന്ന ശേഷം അപകട മരണമാക്കി ചിത്രീകരിച്ചെന്ന് മലയാളി യുവാവിന്റെ വെളിപ്പെടുത്തല്‍. 2018 ഏപ്രില്‍ അഞ്ചിന് ബെലുവായ് പ്രദേശത്ത് മരിച്ച ജോയ് എന്നയാളുടെ മകന്‍ അനീഷാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സംഭവത്തില്‍ തളിപ്പറമ്പ് പോലിസില്‍ അനീഷ് പരാതിയും നല്‍കി.
ജോയ് ബല്‍ത്തങ്ങാടിയിലെ സവനാലു ഗ്രാമത്തിലാണ് താമസിച്ചിരുന്നതെന്ന് അനീഷ് പറഞ്ഞു. ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ചാണ് ജോയ് മരിച്ചത്. ഇത് അപകട മരണമായാണ് ധര്‍മസ്ഥല പോലിസ് ചിത്രീകരിച്ചത്. ജോയിയുടെ പേരില്‍ ധര്‍മസ്ഥയില്‍ 20 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ചിലര്‍ അത് തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ തനിക്ക് സുരക്ഷ ഒരുക്കണമെന്നും പോലിസ് സംരക്ഷണം വേണമെന്നും അനീഷ് ആവശ്യപ്പെടുന്നു.