ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: മാധ്യമങ്ങളെ വിലക്കിയത് ക്ഷേത്ര ട്രസ്റ്റിന്റെ കോളജില്‍ പഠിച്ച ജഡ്ജി
ബംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥലയിലെ കൊലപാതകങ്ങളില്‍ ധര്‍മസ്ഥല ക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ കുടുംബവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വിലക്കിയത് ക്ഷേത്രത്തിന് കീഴിലുള്ള ലോ കോളജില്‍ പഠിച്ച ജഡ്ജി. മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയ ഡോ.ഹര്‍ഷേന്ദ്ര കുമാറുമായി ജഡ്ജി വിജയ കുമാര്‍ റായിക്ക് ബന്ധമുണ്ടെന്നും കേസിലെ പരാതിക്കാരനായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നവീന്‍ സൂരാഞ്ചെ ചൂണ്ടിക്കാട്ടി. ഡോ. ഹര്‍ഷേന്ദ്ര കുമാറിന് വേണ്ടി കേസുകള്‍ നടത്തിയിരുന്ന അഭിഭാഷകന്റെ ജൂനിയറും കൂടിയായിരുന്നു മുമ്പ് ഈ ജഡ്ജി.
ചില മാധ്യമങ്ങള്‍ തങ്ങള്‍ക്കെതിരേ മോശം വാര്‍ത്തകള്‍ നല്‍കുന്നുവെന്നാരോപിച്ചാണ് ഡോ. ഹര്‍ഷേന്ദ്ര കുമാര്‍ ബംഗളൂരു കോടതിയെ സമീപിച്ചിരുന്നത്. ഹരജി പരിഗണിച്ച കോടതി മാധ്യമങ്ങളുടെ നിലപാട് തേടാതെ തന്നെ ഹരജിക്കാരന് അനുകൂലമായി വിധിച്ചു. ഏകദേശം 8000ത്തില്‍ അധികം വാര്‍ത്തകളും വെബ്‌സൈറ്റ് ലിങ്കുകള്‍ ഡിലീറ്റ് ചെയ്യാനായിരുന്നു നിര്‍ദേശം. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ഈ വിധി റദ്ദാക്കി. ഹരജി പുതുതായി പരിഗണിക്കാന്‍ ബംഗളൂരു കോടതിക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, കേസില്‍ തനിക്ക് വ്യക്തിപരമായ താല്‍പര്യങ്ങളില്ലെന്നാണ് ജഡ്ജി പറയുന്നത്. കേസ് ആഗസ്റ്റ് അഞ്ചിന് വീണ്ടും പരിഗണിക്കും.
