ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: വാര്‍ത്തകള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചതിനെതിരായ ഹരജി ഹൈക്കോടതിയില്‍ നല്‍കണമെന്ന് സുപ്രിംകോടതി

Update: 2025-07-23 09:23 GMT

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ഡിലീറ്റ് ചെയ്യണമെന്ന ബംഗളൂരു കോടതി വിധിക്കെതിരെ കര്‍ണാടക ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് യൂട്യൂബ് ചാനലിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ധര്‍മസ്ഥലയിലെ ശ്രീ മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിന് സമീപം നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഡിലീറ്റ് ചെയ്യാനാണ് ബംഗളൂരു കോടതി ഉത്തരവിട്ടിരുന്നത്. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്ററുടെ കുടുംബം നല്‍കിയ ഹരജിയിലായിരുന്നു ഉത്തരവ്. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് തേഡ് ഐ യൂട്യൂബ് ചാനലാണ് സുപ്രിംകോടതിയെ സമീപിച്ചത്.

തങ്ങളുടെ ആരുടെയും വാദം കേള്‍ക്കാതെയാണ് 390 മാധ്യമസ്ഥാപനങ്ങള്‍ക്കെതിരേ ബംഗളൂരു കോടതി ഉത്തരവിറക്കിയതെന്ന് തേഡ് ഐ ചാനല്‍ വാദിച്ചു. മൂന്നു മണിക്കൂര്‍ വാദം കേട്ട ശേഷം 9000 വാര്‍ത്താ ലിങ്കുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഉത്തരവിട്ടെന്നും ചാനല്‍ വാദിച്ചു. എന്നാല്‍, ഹൈക്കോടതിയെ സമീപിക്കലാണ് ഉചിതമെന്ന് സുപ്രിംകോടതി പറഞ്ഞു.