പീഡനക്കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട പോലിസുകാര്‍ക്ക് നാലുലക്ഷം അനുവദിച്ച് ഡിജിപി
തിരുവനന്തപുരം: മലപ്പുറം പൊന്നാനി സ്വദേശിയായ വീട്ടമ്മ നല്‍കിയ പീഡനപരാതി ഹൈക്കോടതി റദ്ദാക്കിയതോടെ ആരോപണ വിധേയരായ മുന്‍ എസ്പി, തിരൂര്‍ മുന്‍ ഡിവൈഎസ്പി, പൊന്നാനി എസ്എച്ച്ഒ എന്നിവര്‍ക്ക് കോടതി ചെലവായി നാലുലക്ഷം രൂപ അനുവദിച്ച് ഡിജിപി. മലപ്പുറം മുന്‍ പൊലീസ് മേധാവി സുജിത്ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി ഇന്‍സ്‌പെക്ടറായിരുന്ന വിനോദ് വലിയാറ്റൂര്‍ എന്നിവര്‍ക്കാണ് പണം ലഭിക്കുക. പരാതി വ്യാജവും കെട്ടിച്ചമച്ചതാണെന്നുമുള്ള മലപ്പുറം എസ്പിയുടെ റിപ്പോര്‍ട്ടിന്റെയും കോടതി വിധിയുടെയും അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ചിലരുടെ പ്രതികാര നടപടിയുടെ ഭാഗമായാണ് പൊന്നാനി സ്വദേശിയായ വീട്ടമ്മ പീഡന ആരോപണം ഉന്നയിച്ചതെന്ന് മലപ്പുറം എസ്പിയുടെ റിപോര്‍ട്ടിലും കോടതി വിധിയിലും പറഞ്ഞിരുന്നു. വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വകാര്യ ചാനല്‍ ഉടമകളാണ് പരാതിയുടെ പിന്നിലെന്ന് വി വി ബെന്നി ആരോപിച്ചിരുന്നു. മരം മുറിക്കേസിലെ കുറ്റപത്രം തടയാനാണ് വ്യാജ പരാതി നല്‍കിയതെന്നും ബെന്നി പറഞ്ഞിരുന്നു.