സംഭലില്‍ മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങളുടെ രൂപമുള്ള ഉരുളക്കിഴങ്ങ് കണ്ടെത്തിയെന്ന്; ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കാണാന്‍ ഭക്തജനത്തിരക്ക്
സംഭല്‍: മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങളുടെ ആകൃതിയുണ്ടെന്ന് പറയപ്പെടുന്ന ഉരുളക്കിഴങ് കാണാന്‍ ഉത്തര്‍പ്രദേശിലെ സംഭലിലെ തുളസീ മാനസ ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്കെന്ന് റിപോര്‍ട്ട്. മല്‍സ്യം, കൂര്‍മം, വരാഹം, ബലരാമന്‍ എന്നീ അവതാരങ്ങളുടെ രൂപം ഉണ്ടെന്ന് പറയപ്പെടുന്ന ഉരുളക്കിഴങ്ങാണ് ക്ഷേത്രത്തിലുള്ളത്. സംഭല്‍ ജില്ലയിലെ ഖൈമ ഗ്രാമത്തിലെ രാം പ്രകാശ് എന്ന കര്‍ഷകനാണ് കഴിഞ്ഞ ഞായറാഴ്ച്ച ഈ ഉരുളക്കിഴങ്ങ് ലഭിച്ചത്. രൂപത്തിലെ വ്യത്യാസം ശ്രദ്ധിച്ചതിനാല്‍ തുളസീ മാനസ ക്ഷേത്രത്തില്‍ കൊടുക്കുകയായിരുന്നു. ദീര്‍ഘനേരത്തെ പരിശോധനക്ക് ശേഷം പൂജാരിയായ ശങ്കര്‍ ലാല്‍ ഇതിനെ രാമ വിഗ്രഹത്തിന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ചു.
''ഈ ഉരുളക്കിഴങ്ങിന് വിഷ്ണുവിന്റെ അവതാരങ്ങളുടെ രൂപമുണ്ട്. സംഭലിലെ 68 തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ വന്‍ഷ് ഗോപാല തീര്‍ത്ഥ ക്ഷേത്രത്തിന് സമീപം ഏകാദശി ദിനത്തിലാണ് ഇത് കണ്ടെത്തിയത്. കല്‍ക്കി ഭഗവാന്‍ ഇവിടെ സംഭലില്‍ അവതരിക്കാന്‍ പോകുന്നതിനാല്‍, ആ സംഭവത്തിന് മുമ്പ് ഈ രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം, ഹോളി വളരെ സന്തോഷത്തോടെ ആഘോഷിക്കും. സംഭലിലെ സ്ഥിതി ഇപ്പോള്‍ മാറിയിരിക്കുന്നു''-ശങ്കര്‍ ലാല്‍ പറഞ്ഞു.
അവതാരങ്ങളുടെ രൂപമുള്ള ഉരുളക്കിഴങ്ങ് ക്ഷേത്രത്തിലുണ്ടെന്ന വാര്‍ത്ത അതിവേഗമാണ് പ്രചരിച്ചത്. ഇതോടെ ക്ഷേത്രത്തില്‍ ഭക്തജനതിരക്ക് അനുഭവപ്പെടുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സംഭലില്‍ അല്‍ഭുദങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒരു ഭക്തന്‍ പറഞ്ഞു. ''നഷ്ടപ്പെട്ട ക്ഷേത്രങ്ങള്‍ വീണ്ടും കണ്ടെത്തുന്നു...ഇപ്പോള്‍ വിഷ്ണുവിന്റെ അവതാരങ്ങളുടെ വ്യക്തമായ ചിത്രം ഉള്ള ഈ ഉരുളക്കിഴങ്ങ് നമ്മുടെ കൈവശമുണ്ട്. ഞങ്ങളുടെ കുട്ടികള്‍ ഞങ്ങളെക്കാള്‍ ആവേശത്തിലാണ്.''-ഭക്തന്‍ ആവേശം പ്രകടിപ്പിച്ചു.
ഉരുളക്കിഴങ്ങിലെ മല്‍സ്യസമാന ഭാഗം വിഷ്ണുവിന്റെ പത്ത് അവതാരങ്ങളില്‍ ആദ്യത്തേതായ മത്സ്യാവതാരത്തെ പ്രതിനിധീകരിക്കുന്നതായി കല്‍ക്കി നിര്‍മ്മാണ്‍ ട്രസ്റ്റിന്റെ ചെയര്‍പേഴ്‌സണ്‍ ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു. '' ആമ രണ്ടാമത്തേതായ കൂര്‍മവും പന്നി മൂന്നാമത്തേതായ വരാഹവുമാണ്. സംഭലിലാണ് കല്‍ക്കി അവതരിക്കുക. ദിവ്യശക്തി എത്താന്‍ പോവുമ്പോഴെല്ലാം അദ്ഭുദങ്ങള്‍ സംഭവിക്കും. വിശ്വാസമുള്ളവര്‍ അതില്‍ വിശ്വസിക്കുന്നു; നിരീശ്വരവാദികള്‍ വിശ്വസിക്കില്ല. ഹോളിക്ക് മുമ്പ് ഇത് സംഭവിച്ചത് കല്‍ക്കിയുടെ വരവിന്റെ സൂചനയാണ്. പ്രവചനങ്ങള്‍ പാലിക്കപ്പെടും.''-ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു.
സംഭല്‍ ശാഹി ജാമിഅ് മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് 2024 നവംബറില്‍ ആറ് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നിരുന്നു. അതിന് ശേഷം പ്രദേശത്ത് കടുത്ത മുസ്‌ലിം വേട്ടയാണ് നടന്നുകൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച്ചയിലെ ജുമുഅ നമസ്‌കാരങ്ങള്‍ പോലും നടത്താന്‍ പ്രയാസമുള്ള സ്ഥിതിയാണ് പ്രദേശത്തുള്ളതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

