മുംബൈ: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അബുല്‍ മുളഫര്‍ മുഹ്‌യുദ്ദീന്‍ എന്ന ഔറംഗസീബിന്റെ ഖബര്‍ മാറ്റണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ ഖുല്‍ദാബാദിലാണ് ഖബറുള്ളത്. മുന്‍കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഖബറിന്റെ പരിപാലനം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ ഏല്‍പ്പിച്ചതിനാല്‍ ഇക്കാര്യം നിയമപരമായി മാത്രമേ ചെയ്യാനാവൂ എന്നും ഫഡ്‌നാവിസ് പറഞ്ഞു.
'' ഖബര്‍ നീക്കം ചെയ്യണമെന്നാണ് നമ്മുടെ എല്ലാവരുടെയും ആവശ്യം. പക്ഷേ നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് നിങ്ങള്‍ അത് ചെയ്യേണ്ടതുണ്ട്, കാരണം ഇത് ഒരു സംരക്ഷിത സ്ഥലമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് ഭരണകാലത്ത് ഈ സ്ഥലം ആര്‍ക്കിയോളജിക്കല്‍ സര്‍വേക്ക് കൈമാറിയിരുന്നു.''-ഫഡ്‌നാവിസ് പറഞ്ഞു.
ഔറംഗസീബിന്റെ ഖബര്‍ പൊളിച്ചുമാറ്റണമെന്ന് മറാത്ത രാജാവായ ശിവാജിയുടെ പിന്‍ഗാമിയും ബിജെപിയുടെ സത്താറ എംപിയുമായ ഉദയന്‍രാജെ ഭോസാലെ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. '' എന്താണ് നമ്മുടെ ആവശ്യം.... ഒരു ജെസിബി അയച്ച് ശവകുടീരം പൊളിച്ചുമാറ്റുക... ഔറംഗസീബിന്റെ ശവകുടീരം സന്ദര്‍ശിച്ച് ആദരാഞ്ജലി അര്‍പ്പിക്കുന്നവര്‍ അതിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവണം. ഔറംഗസീബിനെ മഹത്വവല്‍ക്കരിക്കാന്‍ ഇനി അനുവദിക്കില്ല.''- ഉദയന്‍രാജെ ഭോസാലെ പറഞ്ഞു.
1618 ഒക്‌ടോബര്‍ 24ന് ഇന്നത്തെ ഗുജറാത്തിലെ ദൗഹത് എന്ന സ്ഥലത്താണ് ഔറംഗസീബ് ജനിച്ചത്. ഔറംഗസീബ് എന്ന പേര്‍ഷ്യന്‍ നാമത്തിന് 'അധികാരത്തിന്റെ അലങ്കാരം'എന്നാണര്‍ഥം. മുഗള്‍ സാമ്രാജ്യത്വത്തിലെ കേളികേട്ട സുല്‍ത്താനായിരുന്ന ഷാജഹാനും 'മുംതാസ് മഹല്‍' എന്ന നാമധേയത്താല്‍ അറിയപ്പെടുന്ന അര്‍ജുമന്ദ് ബാനുവും ആയിരുന്നു മാതാപിതാക്കള്‍. ക്രി.ശേ 1658 മുതല്‍ 1707 വരെ ഔറംഗസേബ് ഭരിച്ചു. തന്റെ കാലത്ത് നടന്ന മുപ്പതോളം യുദ്ധങ്ങളില്‍ 11 എണ്ണത്തിലും അദ്ദേഹം തന്നെയായിരുന്നു സൈന്യാധിപന്‍. ഉജ്ജ്വലമായ സൈനികമികവിനാല്‍ മുഗള്‍ സാമ്രാജ്യം അതിദ്രുതം വ്യാപിച്ചു.
1707ല്‍ 87ആം വയസ്സില്‍ അന്തരിച്ച ഔറംഗസീബിനെ ഔറംഗബാദില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഖുല്‍ദാബാദിലാണ് അടക്കം ചെയ്തിരിക്കുന്നത്, അവിടെയാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ ഖബറിടമായ 'ബീബി കാ മഖ്ബറ' സ്ഥിതി ചെയ്യുന്നത്.
തന്റെ അധ്യാപകനായ സയ്യിദ് സൈനുദ്ദീനെ അടക്കം ചെയ്തിരിക്കുന്ന ഖുല്‍ദാബാദില്‍ തന്നെയും അടക്കം ചെയ്യണമെന്ന് ഔറംഗസീബ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സയ്യിദ് സൈനുദ്ദീന്റെ സമുച്ചയത്തിനുള്ളിലാണ് ഖബര്‍ സ്ഥിതി ചെയ്യുന്നത്. ലളിതമായ രീതിയില്‍ അടക്കം ചെയ്യണമെന്ന നിര്‍ദ്ദേശവും അദ്ദേഹം നല്‍കി. പിന്നീട്, ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ലോര്‍ഡ് കഴ്‌സണിന്റെ അഭ്യര്‍ത്ഥനപ്രകാരം ഹൈദരാബാദ് നിസാം ഖബറിന് ചുറ്റും ഗ്രില്‍ സ്ഥാപിച്ചു.

