''കൂടുതല്‍ ജീവനക്കാരെ ഉപയോഗിക്കണം'': എസ്‌ഐആറിലെ ബിഎല്‍ഒമാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന്(എസ്‌ഐആര്‍) കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന് സുപ്രിംകോടതി. എസ് ഐആര്‍ നടപ്പാക്കാന്‍ നിയമിച്ച നിരവധി ബിഎല്‍ഒമാര്‍ ആത്മഹത്യ ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ ടിവികെ നല്‍കിയ അപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് ഇതുവരെ 40ഓളം ബിഎല്‍ഒമാര്‍ ആത്മഹത്യ ചെയ്തതായി ടിവികെ വാദിച്ചു. എന്നാല്‍, ഈ വാദങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍ത്തു. പക്ഷേ, ബിഎല്‍ഒമാരുടെ ആശങ്കകള്‍ പരിഹരിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. തുടര്‍ന്നാണ് കൂടുതല്‍ ജീവനക്കാരെ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ ഉത്തരവ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്.