അഹമദാബാദില്‍ നൂറുകണക്കിന് വീടുകള്‍ പൊളിച്ചു; ആയിരക്കണക്കിന് പേര്‍ തെരുവില്‍

Update: 2025-05-20 16:29 GMT

അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിലെ ചന്തോള തലാബ് പ്രദേശത്ത് നിരവധി വീടുകള്‍ പൊളിച്ചു. അനുമതിയില്ലാതെ വീടുകള്‍ നിര്‍മിച്ചു എന്നാരോപിച്ച് നടത്തിയ ഈ നടപടികളില്‍ ആയിരക്കണക്കിന് പേര്‍ തെരുവിലായി. ഇതില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 7,000 വീടുകള്‍ പൊളിക്കാനാണ് അഹമദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് ഇന്ന് ബുള്‍ഡോസറുകളുമായി എത്തിയത്.


 


കശ്മീരിലെ പെഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ദേശീയസുരക്ഷയുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ 40 വര്‍ഷത്തില്‍ അധികമായി പ്രദേശത്ത് താമസിക്കുന്നവരുടെ വീടുകളും പൊളിച്ചു. വിവിധ സമയങ്ങളില്‍ ഗുജറാത്തില്‍ ഹിന്ദുത്വര്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് സ്വന്തം വീട് വിട്ട് ഓടേണ്ടി വന്നവരും അവരുടെ പിന്‍ഗാമികളും ഈ നടപടിയുടെ ഇരകളായിട്ടുണ്ട്. വിദേശികളാണെന്ന് ആരോപിച്ച് ഏകദേശം 6,500 പേരെ നേരത്തെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നിയമവും സുരക്ഷയും പറഞ്ഞ് അധികാരികള്‍ മുസ്‌ലിംകളെ വേട്ടയാടുകയാണെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.