റെഡ് സിഗ്നല്‍ ക്രോസ് ചെയ്ത കാര്‍ ട്രാഫിക് പോലിസുകാരെ ഇടിച്ചിട്ടു; ബോണറ്റിലിട്ട് യാത്ര ചെയ്തത് 20 മിനുട്ട്
വസന്ത് കുഞ്ച് സ്വദേശിയായ ജയ് ഭഗവാന്‍ എന്നയാളുടെ പേരിലാണ് കാര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റെഡ് സിഗ്നല്‍ മുറിച്ചുകടന്ന കാര്‍ ട്രാഫിക് പോലിസുകാരുടെ മേല്‍ ഇടിച്ചുകയറി. കാറിന്റെ ബോണറ്റിലേക്ക് വീണ രണ്ടു പോലിസുകാരെയും കൊണ്ട് കാര്‍ മുന്നോട്ടുപോയി. 20 മിനുട്ടു നേരമാണ് കാര്‍ പോലിസുകാരെയും കൊണ്ട് സഞ്ചരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
ഇന്നലെ വൈകീട്ട് 7.30ഓടെ ബെര്‍ സാരായി പ്രദേശത്താണ് സംഭവമെന്ന് പോലിസ് അറിയിച്ചു. വാഹനപരിശോധന നടത്തുകയായിരുന്ന എഎസ്‌ഐ പ്രമോദിനും ഹെഡ് കോണ്‍സ്റ്റബിള്‍ ഷൈലേഷ് ചൗഹാനുമാണ് ദുരനുഭവമുണ്ടായത്. വെള്ള നിറമുള്ള മാരുതി സുസുക്കി ഫ്രോന്‍ക്‌സ് കാറാണ് അപകടമുണ്ടാക്കിയത്.
'' ഒരു കാര്‍ റെഡ് സിഗ്നല്‍ മുറിച്ചു കടക്കുന്നത് പോലിസുകാര്‍ കണ്ടു. വണ്ടി നിര്‍ത്താന്‍ സിഗ്നല്‍ കാണിച്ചപ്പോള്‍ വേഗത കുറച്ചു. എന്നാല്‍, അടുത്തെത്തിയപ്പോള്‍ ഡ്രൈവര്‍ കാറിന്റെ വേഗം കൂട്ടി. പെട്ടെന്ന് പോലിസുകാര്‍ ബോണറ്റിലേക്ക് വീഴുകയായിരുന്നു. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ നിര്‍ത്തിയില്ല. പിന്നീട് പോലിസുകാര്‍ കാറില്‍ നിന്ന് വീണു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.''-പോലിസ് അറിയിച്ചു.
ട്രാഫിക് പോലിസുകാരുടെ പരാതിയില്‍ കൊലപാതകശ്രമം, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകളും കേസില്‍ ഉള്‍പ്പെടുത്തും. വസന്ത് കുഞ്ച് സ്വദേശിയായ ജയ് ഭഗവാന്‍ എന്നയാളുടെ പേരിലാണ് കാര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
