ഡല്‍ഹിയിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂള്‍ പശുത്തൊഴുത്താക്കണമെന്ന് ഹിന്ദുത്വര്‍ (വീഡിയോ)

Update: 2026-01-23 13:57 GMT

ന്യൂഡല്‍ഹി: ബുരാരിയിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള മൗണ്ട് ഒലിവറ്റ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അടച്ചുപൂട്ടുകയോ പശുത്തൊഴുത്താക്കുകയോ വേണമെന്ന് ഹിന്ദുത്വര്‍. ഹിന്ദു വിദ്യാര്‍ഥികളെ ബൈബിള്‍ പഠിപ്പിക്കാനും ക്രിസ്ത്യന്‍ വ്യക്തിത്വങ്ങളെ കുറിച്ച് പഠിക്കാനും നിര്‍ബന്ധിക്കുകയാണെന്നാണ് ഹിന്ദുത്വരുടെ ആരോപണം. ബൈബിള്‍ പഠിക്കാന്‍ തയ്യാറാവാത്തവരെയും കൈകളിലില്‍ ചരടുകള്‍ കെട്ടുന്നവരെയും ശിക്ഷിക്കുകയാണെന്നും ഹിന്ദുത്വര്‍ ആരോപണമുന്നയിക്കുന്നു. തുടര്‍ന്ന് സ്‌കൂളിന് മുമ്പില്‍ ഹിന്ദുത്വര്‍ കോലാഹലമുണ്ടാക്കി.

സ്‌കൂളിന്റെ അംഗീകാരം മരവിപ്പിക്കണമെന്നും ആവശ്യമുന്നയിച്ചു. ഇതേതുടര്‍ന്ന് ഡല്‍ഹി വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നുള്ള പ്രതിനിധികള്‍ സ്‌കൂള്‍ മാനേജ്‌മെന്റുമായി ചര്‍ച്ചയും നടത്തി. അന്വേഷണത്തിന് നോട്ടിസ് നല്‍കിയെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.