ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമുമെല്ലാം സ്ഥിരം വിലാസം സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ പൗരത്വം നിഷേധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സിഎഎക്കെതിരേ പ്രതിഷേധിച്ചതിന് യുഎപിഎ കേസില്‍ പ്രതിയായ ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ സ്ഥിരം വിലാസങ്ങള്‍ സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി. കേസില്‍ ജാമ്യം തേടി നല്‍കിയ ഹരജി പരിഗണിക്കവയൊണ് സുപ്രിംകോടതി വിലാസങ്ങള്‍ ആവശ്യപ്പെട്ടത്. ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കുന്ന അടുത്ത ചൊവ്വാഴ്ച വിലാസങ്ങള്‍ സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അഞ്ചാരിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഉമര്‍ ഖാലിദിന് പുറമെ ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്വിമ, മീര ഹൈദര്‍, ഷിഫാവുര്‍ റഹ്‌മാന്‍, മുഹമ്മദ് സലീം ഖാന്‍, ഷാദബ് അഹമദ് എന്നിവരും വിലാസം നല്‍കണം.
ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ ഇവരെല്ലാവരും നല്‍കിയ അപ്പീലാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. അടുത്തവാദം കേള്‍ക്കലില്‍ കുറ്റാരോപിതര്‍ക്ക് വാദിക്കാന്‍ കൂടുതലായി 15 മിനുട്ട് നല്‍കുമെന്ന് ഇന്ന് കോടതി പറഞ്ഞു. ഓരോരുത്തരുടെയും വാദത്തിന് മറുപടി നല്‍കാന്‍ ഡല്‍ഹി പോലിസിന് അര മണിക്കൂര്‍ വീതവും നല്‍കും.