''ഡല്‍ഹി കലാപ ഗൂഡാലോചന കേസ്''; ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Update: 2025-09-02 02:20 GMT

ന്യൂഡല്‍ഹി: 2020ലെ ''ഡല്‍ഹി കലാപ ഗൂഡാലോചനക്കേസില്‍'' വിദ്യാര്‍ഥികളും സാമൂഹിക പ്രവര്‍ത്തകരുമായ ഉമര്‍ ഖാലിദും മറ്റു എട്ടുപേരും നല്‍കിയ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്വിമ, ഖാലിദ് സൈഫി, അത്താര്‍ ഖാന്‍, മുഹമ്മദ് സലീം ഖാന്‍, ഷിഫാവുര്‍ റഹ്മാന്‍, മീരാന്‍ ഹൈദര്‍, ഷദാബ് അഹമദ് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഉച്ചയ്ക്ക് 2.30ന് ജസ്റ്റിസുമാരായ നവീന്‍ ചാവ്‌ലയും ശാലീന്ദര്‍ കൗറും വിധി പറയുക. മുസ് ലിംകളുടെ പൗരത്വം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ ഹിന്ദുത്വര്‍ ആക്രമിച്ചതാണ് ഡല്‍ഹിയില്‍ സംഘര്‍ഷത്തിന് കാരണമായത്. തുടര്‍ന്ന് ഈ സംഘര്‍ഷത്തില്‍ ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ച് യുഎപിഎ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

കേസില്‍ കഴിഞ്ഞ നാലുവര്‍ഷത്തില്‍ അധികമായി ജയിലില്‍ ആണെന്നും വിചാരണ പതിയേയാണ് നടക്കുന്നതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. കേസില്‍ ആരോപണ വിധേയരായ നതാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഡല്‍ഹി പോലിസിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജാമ്യാപേക്ഷകളെ രൂക്ഷമായി എതിര്‍ത്തു. ആസുത്രിതമായി നടത്തി കലാപമാണ് ഡല്‍ഹിയിലേതെന്ന് അദ്ദേഹം ആരോപിച്ചു. ജൂലൈ ഒമ്പതിനാണ് കോടതി ജാമ്യാപേക്ഷകള്‍ വിധി പറയാന്‍ മാറ്റിയത്.