സിഖ് സ്‌ക്വോഡ്രണിന്റെ മതപരമായ ആചാരങ്ങള്‍ പാലിക്കാത്ത ക്രിസ്ത്യന്‍ സൈനികനെ പിരിച്ചുവിട്ട നടപടി ശരിവച്ചു

Update: 2025-05-31 13:55 GMT
സിഖ് സ്‌ക്വോഡ്രണിന്റെ മതപരമായ ആചാരങ്ങള്‍ പാലിക്കാത്ത ക്രിസ്ത്യന്‍ സൈനികനെ പിരിച്ചുവിട്ട നടപടി ശരിവച്ചു

ന്യൂഡല്‍ഹി: സൈനിക റെജിമെന്റിന്റെ മതപരമായ ആചാരങ്ങളില്‍ പങ്കുചേരാന്‍ വിസമ്മതിച്ച ക്രിസ്തു മത വിശ്വാസിയായ സൈനികനെ പിരിച്ചുവിട്ട നടപടി ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. സിഖ് സ്‌ക്വാഡ്രണിന്റെ ഭാഗമായിരുന്ന ലഫ്റ്റനന്റ് സാമുവല്‍ കമലേശനെ പിരിച്ചുവിട്ട നടപടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്.

2017ല്‍ സിഖ് സ്‌ക്വാഡ്രണില്‍ നിയമിക്കപ്പെട്ട സാമുവല്‍ സിഖ് മത ആരാധനാലയങ്ങളുടെ ഉള്ളില്‍ പ്രവേശിക്കാത്തതിന് അച്ചടക്ക നടപടി നേരിട്ടു. ഈ നടപടി തന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്നും സഹപ്രവര്‍ത്തകരുടെ മതത്തോടുള്ള ബഹുമാനത്തിന്റെ ഭാഗമാണെന്നും സാമുവല്‍ വാദിച്ചു. ആചാരങ്ങളില്‍ പങ്കെടുക്കാത്തത് സൈന്യത്തോടുള്ള ബന്ധത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, കമാന്‍ഡിങ് ഓഫിസര്‍മാര്‍ ഉറപ്പുകള്‍ നല്‍കിയിട്ടും സിഖ് ആരാധനാലയങ്ങളില്‍ പോവുന്നത് തെറ്റല്ലെന്ന് ക്രിസ്ത്യന്‍ പുരോഹിതര്‍ പറഞ്ഞിട്ടും സാമുവല്‍ മനസ് മാറ്റിയില്ലെന്ന് സൈന്യം കോടതിയെ അറിയിച്ചു. സാമുവലിന്റെ പ്രവൃത്തി സൈന്യത്തിന്റെ ഐക്യത്തേയും സൈനികരുടെ മനോവീര്യത്തെയും തകര്‍ത്തെന്നും അതേതുടര്‍ന്നാണ് 2021ല്‍ സാമുവലിനെ പിരിച്ചുവിട്ടതെന്നും സൈന്യം കോടതിയെ അറിയിച്ചു. ഈ പിരിച്ചുവിടലിനെ ചോദ്യം ചെയ്താണ് സാമുവല്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഈ കേസിലെ പ്രശ്‌നം മതസ്വാതന്ത്ര്യമല്ലെന്ന് ഹരജി പരിഗണിച്ച് കോടതി പറഞ്ഞു. മേലുദ്യോഗസ്ഥന്റെ നിയമപരമായ കല്‍പ്പന പാലിക്കാത്തതാണ് പ്രശ്‌നം. സൈനിക നിയമത്തിലെ 41ാം വകുപ്പ് പ്രകാരം അത് കുറ്റകരമാണ്. '' സായുധ സേനയിലെ റെജിമെന്റുകള്‍ക്ക് ചരിത്രപരമായി മതവുമായോ പ്രദേശവുമായോ ബന്ധപ്പെട്ട പേരുകള്‍ ഉണ്ടായിരിക്കാമെങ്കിലും അത് സ്ഥാപനത്തിന്റെയോ ഈ റെജിമെന്റുകളില്‍ നിയമിതരായ ഉദ്യോഗസ്ഥരുടെയോ മതേതര ധാര്‍മ്മികതയെ ദുര്‍ബലപ്പെടുത്തുന്നില്ല. പുറത്തുനിന്നുള്ള ഒരാള്‍ക്ക് മതപരമായ സ്വഭാവമുള്ളതായി തോന്നാവുന്ന യുദ്ധകാഹളങ്ങളും ഉണ്ട്, എന്നിരുന്നാലും, അവ സൈനികര്‍ക്കിടയില്‍ ഐക്യവും സാഹോദര്യവും വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ്.''-കോടതി പറഞ്ഞു. തുടര്‍ന്നാണ് സാമുവലിന്റെ ഹരജി തള്ളിയത്.

Similar News