ഉദയ്പൂര്‍ ഫയല്‍സിന്റെ റിലീസിന് സ്റ്റേ

Update: 2025-07-10 14:31 GMT

ന്യൂഡല്‍ഹി: ഹിന്ദുത്വ പ്രൊപ്പഗണ്ട സിനിമയായ ഉദയ്പൂര്‍ ഫയല്‍സിന്റെ റിലീസ് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സിനിമയുടെ ഉള്ളടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് വരെയാണ് സ്റ്റേയെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിനിമ റിലീസ് ചെയ്യുന്നത് രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുമെന്ന് ചൂണ്ടിക്കാട്ടി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. 2022 ജൂണില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യ ലാല്‍ എന്നയാളെ മുഹമ്മദ് റിയാസ് അട്ടാരി, ഗൗസ് മുഹമ്മദ് എന്നിവര്‍ കൊലപ്പെടുത്തിയ സംഭവമാണ് സിനിമയുടെ ഇതിവൃത്തം. ജൂലൈ 11, വെള്ളിയാഴ്ചയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്.

താന്‍ സിനിമയുടെ പകര്‍പ്പ് കണ്ടെന്നും ഞെട്ടിക്കുന്ന ഉള്ളടക്കമാണ് സിനിമയുടേതെന്നും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. രാജ്യത്തെ 1800 തീയറ്ററുകളില്‍ ഒരു ലക്ഷം ടിക്കറ്റുകള്‍ വിറ്റതായി നിര്‍മാതാക്കള്‍ വാദിച്ചു. വിഷയത്തിന്റെ ഗൗരവം പരിഗണിക്കുമ്പോള്‍ വിറ്റ ടിക്കറ്റുകള്‍ക്ക് പ്രാധാന്യമില്ലെന്ന് കോടതി പറഞ്ഞു.