''നിങ്ങള്‍ക്ക് ഒരു തരം കൈയ്യേറ്റം മാത്രമേ കാണാനാവുന്നുള്ളൂ ?''മുസ്‌ലിം പള്ളികള്‍ക്കും ദര്‍ഗകള്‍ക്കുമെതിരേ സ്ഥിരമായി ഹരജി നല്‍കുന്നയാളോട് ഡല്‍ഹി ഹൈക്കോടതി

Update: 2026-01-14 15:31 GMT

ന്യൂഡല്‍ഹി: മുസ്‌ലിം പള്ളികള്‍ക്കും ദര്‍ഗകള്‍ക്കുമെതിരേ നിരന്തരമായി ഹരജി നല്‍കുന്ന സേവ് ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. നിങ്ങള്‍ക്ക് ഒരുതരം കൈയ്യേറ്റം മാത്രമേ കാണാനാവുന്നുള്ളൂയെന്ന് ചീഫ്ജസ്റ്റിസ് ദേവേന്ദ്രകുമാര്‍ ഉപാധ്യായ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ''ഇത്തരം ഹരജികള്‍ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. നിങ്ങള്‍ കോടതി നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. എല്ലാ ആഴ്ചയും നിങ്ങള്‍ നഗരം ചുറ്റി സഞ്ചരിച്ച് ഏതെങ്കിലും മതപരമായ ഘടന കാണുകയും പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്യുന്നു.''-കോടതി വിമര്‍ശിച്ചു.

ഗിന്നസ് ബുക്കില്‍ പേരുവരുത്താനാണോ ഹരജിക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. ''സമൂഹത്തിലെ മറ്റു പ്രശ്‌നങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ ?. ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ല, ആളുകള്‍ പട്ടിണി കിടക്കുന്നു അതൊന്നും നിങ്ങള്‍ കാണുന്നില്ല. കൈയ്യേറ്റം മാത്രമാണോ നിങ്ങള്‍ക്ക് കാണാനാവുക ? പൊതുതാല്‍പര്യ ഹരജികള്‍ ഇതുപോലെ ദുരുപയോഗം ചെയ്യരുത്. ഇത്തരം പരാതികള്‍ ഞങ്ങളെ ശല്യപ്പെടുത്തുന്നു.''- ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഡല്‍ഹി ജമാമസ്ജിദ്, മദ്രസ ഗിരിനഗര്‍ എന്നിവക്കെതിരെ സംഘടന ഫയല്‍ ചെയ്ത കേസുകളാണ് ഇന്ന് കോടതിയുടെ മുന്നില്‍ എത്തിയത്. പള്ളിക്കെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് സംഘടന ഇന്ന് വാദിച്ചത്. ഒരു സമുദായത്തിന്റെ സ്ഥാപനങ്ങള്‍ക്ക് എതിരെ മാത്രമാണ് സംഘടന ഹരജി നല്‍കുന്നതെന്ന് ഡല്‍ഹി വഖ്ഫ് ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഘോഷ് ചൂണ്ടിക്കാട്ടി.തുടര്‍ന്നാണ് സംഘടനയെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്. കേസ് ജനുവരി 21ന് വീണ്ടും പരിഗണിക്കും.