പോപുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരായ ഹരജി നിലനില്‍ക്കും; കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ച് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ പോപുലര്‍ ഫ്രണ്ട് നിരോധനം ശരിവച്ച യുഎപിഎ ട്രിബ്യൂണല്‍ ഉത്തരവിനെതിരായ ഹരജി ഡല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ചു. ഡല്‍ഹി ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ യുഎപിഎ ട്രിബ്യൂണല്‍ ഉത്തരവിനെതിരായ ഹരജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സാധിക്കില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദമാണ് നിയമപ്രശ്‌നത്തിന് കാരണമായത്. തുടര്‍ന്നാണ് ചീഫ്ജസ്റ്റിസ് ഡി കെ ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാവു ഗെദേല എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം പരിശോധിച്ചത്. യുഎപിഎ ട്രിബ്യൂണലിനെ ഹൈക്കോടതിയുമായി സമീകരിക്കാനാവില്ലെന്നാണ് ബെഞ്ച് കണ്ടെത്തിയത്. തുടര്‍ന്ന് ഹരജി ഫയലില്‍ സ്വീകരിച്ച് കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ചു. ആറ് ആഴ്ചക്കകം മറുപടി നല്‍കണം. അതിനുള്ള മറുപടികള്‍ രണ്ട് ആഴ്ചയില്‍ ഹരജിക്കാര്‍ നല്‍കണം. കേസ് ജനുവരി 20ന് വീണ്ടും പരിഗണിക്കും. 2022 സെപ്റ്റംബറിലാണ് ബിജെപി സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്. 2023 മാര്‍ച്ചില്‍ യുഎപിഎ ട്രിബ്യൂണല്‍ നിരോധനം ശരിവച്ചു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹരജി നല്‍കിയിരിക്കുന്നത്.