സംശയത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ഇഡിയെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

Update: 2025-11-16 03:43 GMT

ന്യൂഡല്‍ഹി: കേവല സംശയത്തിന്റെ പേരില്‍ യുവതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇത്തരത്തില്‍ അക്കൗണ്ട് മരവിപ്പിച്ചത് ശരിയായില്ലെന്ന് ജസ്റ്റിസുമാരായ സുബ്രമണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ചട്ടങ്ങളൊന്നും പാലിക്കാതെ 'കിച്ച്ഡി' തയ്യാറാക്കുകയാണ് ഇഡി ചെയ്തത്. അവര്‍ അങ്ങനെ ചെയ്യുന്നത് നീതിയുടെ ലംഘനമാണ്. പിഎംഎല്‍എ നിയമത്തില്‍ തന്നെ പറയുന്ന സുരക്ഷ പോലും യുവതിക്ക് ലഭിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെ ചോദ്യം ചെയ്ത് പൂനം മാലിക് എന്ന യുവതി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പൂനം മാലികിന്റെ ഭര്‍ത്താവ് രഞ്ജിത് മാലിക്, സ്റ്റെര്‍ലിങ് ബയോടെക് ഗ്രൂപ്പിന്റെ മേധാവിയായ ഗഗന്‍ ധവാന്‍ എന്നയാളുടെ ഡ്രൈവറായിരുന്നു. ഗഗന്‍ ധവാനെതിരെ കള്ളപ്പണം വെളിപ്പിക്കല്‍ നിയമപ്രകാരമുള്ള കേസുകളുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ പൂനം മാലികിന്റെ അക്കൗണ്ടുകളും ഉപയോഗിച്ചുവെന്നാണ് ഇഡി ആരോപിച്ചത്. എന്നാല്‍, അതിന് യാതൊരുവിധത്തിലുള്ള തെളിവുകളും ഹാജരാക്കാന്‍ ഇഡിക്ക് കഴിഞ്ഞില്ല. സംശയം കൊണ്ടുമാത്രം കുറ്റം തെളിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഒരാളുടെ സ്വത്താവകാശം ഭരണഘടനയുടെ 300എ അനുഛേദം ഉറപ്പാക്കുന്നു. അത് ലംഘിക്കണമെങ്കില്‍ ഉചിതമായ കാരണങ്ങള്‍ വേണമെന്നും കോടതി പറഞ്ഞു.